
റഷ്യയിൽ മോസ്കോയ്ക്ക് സമീപമുള്ള ഫ്രയാസിനോയിൽ ഓഫീസ് കെട്ടിടത്തിന് തീപിടിച്ച് എട്ട് മരണം. അപകടത്തിൽ രക്ഷപ്പെടുത്തിയ 34 കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും, രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് അഗ്നിശമന സേനാംഗങ്ങൾ തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിലാണെന്നും റീജിയണൽ ഗവർണർ ആൻഡ്രി വോറോബിയോവ് അറിയിച്ചു. നൂറിലധികം വിദഗ്ധരും രണ്ട് ഹെലികോപ്റ്ററുകളും തീ അണയ്ക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിനായി റേഡിയോ ഇലക്ട്രോണിക് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. എട്ട് നിലകളുള്ള സമുച്ചയത്തിൻ്റെ മുകൾ നിലകളിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ചും, ആറും, ഏഴും നിലകളിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് പേരും, ജനാലയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച രണ്ട് പേരുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.