ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

മതിലിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് അപകടം;  എട്ട് പേർക്ക് ദാരുണാന്ത്യം
Published on

ആന്ധ്രാപ്രദേശ് വിശാഖപട്ടണത്ത് ക്ഷേത്ര മതിൽ തകർന്ന് എട്ട് പേർക്ക് ദാരുണാന്ത്യം. വിശാഖപട്ടണത്തിനടുത്ത് സിംഹാചലം വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് അപകടം. ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ ചന്ദ്രനോത്സവം നടക്കുന്നതിനിടെയാണ് അപകടം. മതിലിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലും മതിൽ തകർന്ന് വീഴുകയായിരുന്നു. ഘട്ട് റോഡിലെ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം, ക്ഷേത്ര ദർശനത്തിനായി 300 രൂപയുടെ ടിക്കറ്റ് വാങ്ങാൻ ഭക്തർ ക്യൂ നിൽക്കുമ്പോഴാണ് മതിൽ തകർന്നുവീണത്. മതിൽ തകർന്നതോടെ ആളുകൾ പരിഭ്രാന്തിയിലായെന്നും ഇത് ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടിയെന്നും രക്ഷാപ്രവർത്തകർ പറയുന്നു. ഉത്സവത്തിൻ്റെ ഭാഗമായി വെറും 20 ദിവസം മുൻപാണ് മതിൽ കെട്ടിയത്.

ഇന്നലെ രാത്രി മുതൽ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നെന്നും ഇതാണ് മതിൽ തകരാൻ കാരണമെന്നുമാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റവരെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് അവശിഷ്ടങ്ങൾക്ക് ഇടയിൽ ആളുകൾ ഇനിയും കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

അപകടത്തിൽപ്പെട്ടവർക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ആഭ്യന്തരമന്ത്രി വംഗലപുടി അനിതയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com