'ഏതൊരു പ്രവൃത്തിക്കും തിരിച്ചടിയുണ്ടാകും'; കുനാല്‍ കമ്രയ്‌ക്കെതിരെ ഏക്‌നാഥ് ഷിന്‍ഡേ

എല്ലാ പ്രവൃത്തിക്കും ഒരു തിരിച്ചടിയുണ്ടാകും. പക്ഷെ, അതിനെ താന്‍ അനുകൂലിക്കുന്നില്ല. കുനാല്‍ കമ്രയുടെ പരാമര്‍ശത്തിനു പിന്നില്‍ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്നും ഏക്‌നാഥ് ഷിന്‍ഡേ ആരോപിക്കുന്നു.
'ഏതൊരു പ്രവൃത്തിക്കും തിരിച്ചടിയുണ്ടാകും'; കുനാല്‍ കമ്രയ്‌ക്കെതിരെ ഏക്‌നാഥ് ഷിന്‍ഡേ
Published on

സ്റ്റാന്‍ഡ്-അപ് കൊമേഡിയന്‍ കുനാല്‍ കമ്ര നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ. കുനാല്‍ കമ്രയ്‌ക്കെതിരെയുള്ള പ്രതിഷേധത്തില്‍ മുംബൈയിലെ സ്റ്റുഡിയോ തകര്‍ത്തതിനെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ ഏക്‌നാഥ് ഷിന്‍ഡേ ഏതൊരു പ്രവൃത്തിക്കും തിരിച്ചടിയുണ്ടാകുമെന്നും പറഞ്ഞു.

ബിബിസി മറാത്തിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷിന്‍ഡേയുടെ പ്രതികരണം. ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണെങ്കിലും ആരുടെയെങ്കിലും നിര്‍ദേശപ്രകാരം ഒരാളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. തന്നെ കുറിച്ച് പറഞ്ഞത് വിട്ടുകളയാം, പക്ഷെ, പ്രധാനമന്ത്രിയെ കുറിച്ചും മുന്‍ ചീഫ് ജസ്റ്റിസിനെ കുറിച്ചും നിര്‍മല സീതാരാമനെ കുറിച്ചും എന്താണ് പറഞ്ഞത്? ആഭ്യന്തര മന്ത്രി അമിത് ഷായെ കുറിച്ചും വ്യവസായികളെ കുറിച്ചും പറഞ്ഞത് എന്താണ്?

സ്റ്റുഡിയോ തകര്‍ത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ഏക്‌നാഥ് ഷിന്‍ഡേയുടെ മറുപടി ഇങ്ങനെയായിരുന്നു, നിരവധി ആരോപണങ്ങള്‍ തനിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. അതിനെല്ലാം പ്രവര്‍ത്തനങ്ങളിലൂടെയാണ് മറുപടി നല്‍കിയത്. നശീകരണ പ്രവണതയെ താന്‍ അനുകൂലിക്കുന്നില്ല, പക്ഷെ, പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തില്‍ നിന്നാണ് അങ്ങനെ ഉണ്ടായത്. എല്ലാ പ്രവൃത്തിക്കും ഒരു തിരിച്ചടിയുണ്ടാകും. പക്ഷെ, അതിനെ താന്‍ അനുകൂലിക്കുന്നില്ല. കുനാല്‍ കമ്രയുടെ പരാമര്‍ശത്തിനു പിന്നില്‍ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്നും ഏക്‌നാഥ് ഷിന്‍ഡേ ആരോപിക്കുന്നു.

സംഭവത്തില്‍ ഇതാദ്യമായാണ് ഏക്‌നാഥ് ഷിന്‍ഡേ പ്രതികരിക്കുന്നത്. 2022 ല്‍ ഉദ്ധവ് താക്കറെയെ വഞ്ചിച്ച് ഷിന്‍ഡെ നടത്തിയ നീക്കങ്ങളെ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ താളത്തില്‍ പരാതിയായി അവതരിപ്പിച്ചായിരുന്നു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കാമ്രയുടെ വിമര്‍ശനം. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.

സംഭവത്തില്‍ കുനാല്‍ ക്രമയ്‌ക്കെതിരെ ഒന്നിലധികം എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിരുന്നു. വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ മാത്രം മാപ്പ് പറയാമെന്നുമാണ് കുനാല്‍ കമ്രയുടെ നിലപാട്.

കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് സ്റ്റുഡിയോ തകര്‍ത്തവര്‍ക്കും അതിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയ ഉദ്യോഗസ്ഥര്‍ക്കും നിയമം ഒരുപോലെ ബാധകമാകുമോ എന്നും കമ്ര ചോദിച്ചു.

ശനിയാഴ്ച രാത്രിയാണ് കുനാല്‍ കമ്രയുടെ പരിപാടി നടക്കാനിരുന്ന മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പിന്നാലെ എത്തിയ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ സ്റ്റുഡിയോ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തകര്‍ത്തു.

കുനാല്‍ കമ്രയെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അദ്ദേഹം പറഞ്ഞത് വസ്തുതയാണെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com