സ്വന്തം തട്ടകത്തിൽ റയലിന് ഷോക്ക് ട്രീറ്റ്‌മെൻ്റ്; ഗോൾമഴയിൽ മുക്കി 'ക്ലാസിക്' ബാഴ്സ

സെക്കൻഡ് ഹാഫിൽ രണ്ട് മിനിറ്റിൻ്റെ ഇടവേളയിൽ രണ്ട് തവണ റയലിൻ്റെ ഗോൾവല കുലുക്കി പോളിഷ് ഗോൾ മെഷീൻ ലെവന്‍ഡോസ്‌കിയാണ് ഗോൾമഴയ്ക്ക് തുടക്കമിട്ടത്
സ്വന്തം തട്ടകത്തിൽ റയലിന് ഷോക്ക് ട്രീറ്റ്‌മെൻ്റ്; ഗോൾമഴയിൽ മുക്കി 'ക്ലാസിക്' ബാഴ്സ
Published on


ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്സലോണയുടെ വമ്പൻ തിരിച്ചുവരവ്. ലാലിഗയിൽ തുടർച്ചയായ 42 മത്സരങ്ങളിൽ പരാജയമറിയാതെ എത്തിയ റയലിനെയാണ് ബാഴ്സലോണയുടെ യുവനിര ഞെട്ടിച്ചത്. ചാംപ്യൻസ് ലീഗിൽ ബയേണിനെ തകര്‍ത്തുവിട്ട അതേ പോരാട്ടവീര്യത്തില്‍ സാൻ്റിയാഗോ ബെര്‍ണബ്യൂവില്‍ പന്തു തട്ടാനിറങ്ങിയ ബാഴ്‌സ അക്ഷരാർഥത്തിൽ റയലിന് ഷോക്ക് ട്രീറ്റ്‌മെൻ്റാണ് നൽകിയത്. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ റയൽ മാഡ്രിഡിനെ അവരുടെ ഹോം ഗ്രൌണ്ടിൽ തകർത്തുവിട്ടത്.

വിരസമായ ആദ്യ പകുതിക്ക് ശേഷം സെക്കൻഡ് ഹാഫിൽ രണ്ട് മിനിറ്റിൻ്റെ ഇടവേളയിൽ രണ്ട് തവണ റയലിൻ്റെ ഗോൾവല കുലുക്കി പോളിഷ് ഗോൾ മെഷീൻ ലെവന്‍ഡോസ്‌കിയാണ് ഗോൾമഴയ്ക്ക് തുടക്കമിട്ടത്. പിന്നാലെ സമ്മർദത്തിലേക്ക് വഴുതിവീണ റയലിനെ അടിച്ചിരുത്തി ലാമിനെ യമാലും (77) റഫീഞ്ഞയും (84) കൂടി ഗോൾ നേടിയതോടെ സാൻ്റിയാഗോ ബെര്‍ണബ്യൂവില്‍ സ്വന്തം കാണികൾക്ക് മുമ്പിൽ റയലിൻ്റെ പതനം പൂർത്തിയായി. ഒരു ഗോൾ പോലും ബാഴ്സയുടെ വലയിലെത്തിക്കാൻ വിനീഷ്യസ് ജൂനിയറിനും കൂട്ടർക്കുമായില്ല.

ഹാട്രിക് നേടാനുള്ള രണ്ട് തുറന്ന അവസരങ്ങള്‍ ലെവന്‍ഡോസ്‌കി നഷ്ടപ്പെടുത്തുന്നതും മത്സരത്തിൽ കാണാനായി. ആദ്യ എല്‍ ക്ലാസിക്കോ പോരിനിറങ്ങിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപെ ഗ്രൌണ്ടിൽ തിങ്ങിനിറഞ്ഞ സ്വന്തം ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി. റയലിൻ്റെ മുന്നേറ്റങ്ങൾ ഓരോന്നും ഓഫ്‌സൈഡ് കെണിയില്‍ കുരുക്കി ബാഴ്‌സലോണയുടെ പ്രതിരോധം കൈയ്യടി നേടുന്നതാണ് കണ്ടത്. മത്സരത്തിൻ്റെ 30ാം മിനിറ്റിൽ എംബാപ്പെ ബാഴ്സയുടെ വലയിൽ പന്ത് എത്തിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. വാര്‍ പരിശോധനയില്‍ ഓഫ് സൈഡ് ആണെന്ന് കണ്ടതോടെയാണ് അത് ഗോളല്ലെന്ന് വിധിച്ചത്.

54-ാം മിനിറ്റില്‍ മിനിറ്റില്‍ ബാഴ്‌സലോണ ലീഡെടുത്തു. കസാഡോ നല്‍കിയ ഭംഗിയാര്‍ന്ന ത്രൂ പാസ് സ്വതസിദ്ധമായ ഫിനിഷിങ്ങിലൂടെ ലെവന്‍ഡോസ്‌കി വല കുലുക്കി. സ്കോര്‍ 1-0. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ് ആരാധകരെ നിശബ്ദരാക്കി ബാഴ്‌സയുടെ രണ്ടാം ഗോളും പിറന്നു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലെവന്‍ഡോസ്‌കി തന്നെയാണ് ലക്ഷ്യം കണ്ടത്. സ്‌കോര്‍ 2-0. പിന്നാലെ ഹാട്രിക്ക് നേടാനുള്ള രണ്ട് മികച്ച അവസരങ്ങള്‍ താരം പാഴാക്കുന്നത് കാണികൾ തലയിൽ കൈവച്ചിരുന്നാണ് കണ്ടത്.

റയല്‍ മറുപടി ഗോളിനായി ശ്രമം തുടരവെ ബാഴ്‌സയുടെ മൂന്നാം ഗോൾ പിറന്നത്. 77-ാം മിനിറ്റില്‍ ലാമിനെ യമാലായിരുന്നു ഇക്കുറി റയലിൻ്റെ വല കുലുക്കിയത്. മധ്യനിരയിൽ സ്പാനിഷ് വണ്ടർ കിഡ് ലാമിനെ യമാല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൗമാരക്കാരൻ്റെ ആദ്യ എല്‍ ക്ലാസിക്കോ ഗോളായിരുന്നു ഇന്നത്തെ മത്സരത്തില്‍ പിറന്നത്. 84-ാം മിനിറ്റില്‍ ബാഴ്‌സലോണയുടെ നാലാം ഗോൾ ബ്രസീൽ സ്ട്രൈക്കർ റഫീഞ്ഞയുടെ വകയായിരുന്നു.

ALSO READ: 

രണ്ടാം പകുതിയിൽ നാല് ഗോള്‍ വഴങ്ങിയതോടെ റയൽ ആയുധം വെച്ച് കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്. കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരിക്കാനായി പ്രതിരോധത്തിലൂന്നിയാണ് റയൽ അവസാന മിനിറ്റുകളിൽ പന്ത് തട്ടിയത്. ഈ ജയത്തോടെ ബാഴ്‌സലോണ 30 പോയിൻ്റുമായി പട്ടികയില്‍ ഒന്നാമതും 24 പോയിൻ്റുള്ള റയല്‍ മാഡ്രിഡ് രണ്ടാമതുമാണ്. 21 പോയിൻ്റുമായി വിയ്യാ റയലാണ് റയലിന് തൊട്ടുപിന്നിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com