
എലപ്പുള്ളി മദ്യനിർമാണ കമ്പനിയുടെ എല്ലാവശവും പരിശോധിച്ചാണ് അനുമതി നൽകിയതെന്നും പ്ലാൻ്റിന് ആവശ്യമായ അഞ്ച് ലക്ഷം ലിറ്റർ വെള്ളം മഴവെള്ള സംഭരണിയിൽ നിന്ന് കിട്ടുമെന്നും മന്ത്രി എം.ബി. രാജേഷ്. ഇതു കൂടാതെ കിൻഫ്രയിൽ നിന്നും വെള്ളം കിട്ടും. ഭൂഗർഭജലം എടുക്കില്ലെന്ന് അന്നേ വ്യക്തമാക്കിയതാണെന്നും മന്ത്രി വിശദീകരിച്ചു. വികസനം മുടക്കികളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അപവാദം പറഞ്ഞാൽ നാടിന് ഗുണം ചെയ്യുന്ന പദ്ധതി ഉപേക്ഷിക്കുമെന്ന് കരുതേണ്ടെന്നും മന്ത്രി എം.ബി രാജേഷ്.
എലപ്പുള്ളി മദ്യനിർമാണ കമ്പനിയുടെ പ്രവർത്തനം പഠിക്കാനായി പ്രതിപക്ഷ നേതാവ് തൻ്റെ ക്ഷണം സ്വീകരിച്ച് അഹല്യ ക്യാമ്പസിലേക്ക് എത്താത്തതിൽ നിരാശയുണ്ടെന്നും പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ഇവിടെ വന്ന് കാണണമെന്നും മന്ത്രി പറഞ്ഞു. അതിലൂടെ ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്നും മന്ത്രി ഓർമിപ്പിച്ചു.
അഹല്യ ക്യാംപസിലേക്ക് എല്ലാവരെയും ക്ഷണിച്ചിരുന്നു. 33 കോടി ലിറ്റർ ജലമാണ് ഇവിടെ മഴവെള്ള സംഭരണിയിൽ സംഭരിക്കുന്നത്. മഴ വെള്ള സംഭരണിയിലൂടെ പ്രദേശത്ത് വെള്ളം കണ്ടെത്താൻ കഴിയും. ഇതിന് ഉത്തമ ഉദാഹരണമാണ് അഹല്യ ക്യാംപസ് എന്നും മന്ത്രി വിശദീകരിച്ചു. നല്ലതിനെ എതിർക്കാതിരിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും ശശി തരൂർ പറഞ്ഞതും ഇക്കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.