
പാലക്കാട് എലപ്പുള്ളി മദ്യ നിർമാണ പ്ലാൻ്റിൽ വിവാദം തുടരുന്നതിനിടെ സമരത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവർത്തക മേധാ പട്ക്കറും. നാളെ എലപ്പുള്ളിയിലെ പദ്ധതി പ്രദേശം മേധാ പട്ക്കർ സന്ദർശിക്കും. ജനകീയ സമിതിയുടെ സമരത്തിൽ പങ്കെടുക്കാനാണ് മേധാ പട്ക്കർ എത്തുന്നത്.
അതേസമയം, എലപ്പുള്ളിയിൽ സമരം ആളിക്കത്തുന്നതിനിടെ മദ്യ നിർമാണ കമ്പനിക്ക് അനുമതി ലഭിച്ച ഒയാസിസ് കമ്പനി തമിഴ്‌നാട്ടിൽ സ്ഥലം അന്വേഷിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. എലപ്പുള്ളിയിൽ പദ്ധതി അനിശ്ചിതമായി നീണ്ടാൽ തമിഴ്‌നാട്ടിൽ മദ്യകമ്പനി തുടങ്ങാനാണ് ആലോചന. കമ്പനിയ്ക്കെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി വിശദീകരിച്ചിരുന്നു.
എലപ്പുള്ളിയിലെ പദ്ധതി ഉപേക്ഷിക്കാനല്ല, പ്രതിഷേധത്തെ തുടർന്ന് അനിശ്ചിതമായി നീണ്ടാൽ തമിഴ്നാട്ടിൽ സമാന്തരമായി പദ്ധതി തുടങ്ങുക എന്ന ലക്ഷ്യമാണ് ഒയാസിസ് കമ്പനിയ്ക്കുള്ളത്. ഇതിനായി പൊള്ളാച്ചി, വില്ലുപുരം എന്നിവിടങ്ങളിലായി സ്ഥലം കണ്ടെത്താനുളള പ്രാരംഭ നടപടികൾ ആരംഭിച്ചു.
അൻപതേക്കർ സ്ഥലം കണ്ടെത്താനാണ് ശ്രമം. പ്രതിഷേധത്തെ തുടർന്ന് എലപ്പുള്ളിയിലെ പദ്ധതി അനിശ്ചിതമായി നീളുന്നത് പദ്ധതി ചെലവ് വർധിക്കാൻ കാരണമാകുമെന്നും കമ്പനി വിലയിരുത്തുന്നു. 622 കോടി രൂപയാണ് പദ്ധതിയുടെ തുടക്കത്തിൽ പ്രതീക്ഷിത ചെലവായി കണക്കാക്കിയിരുന്നത്. ഇപ്പോൾ 650 കോടിയായി പദ്ധതി ചെലവായി ഉയർന്നു. ഇനിയും വൈകിയാൽ കൂടുതൽ തുക വേണ്ടി വരും. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ പദ്ധതി തുടങ്ങാനുള്ള നീക്കം ആരംഭിക്കുന്നത്.