യമുനയില്‍ വിഷം കലര്‍ത്തിയോ? നാളെ രാത്രി 8 മണിക്കുള്ളില്‍ തെളിവ് നല്‍കണമെന്ന് കെജ്‌രിവാളിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കെജ്‌രിവാളിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി
യമുനയില്‍ വിഷം കലര്‍ത്തിയോ? നാളെ രാത്രി 8 മണിക്കുള്ളില്‍ തെളിവ് നല്‍കണമെന്ന് കെജ്‌രിവാളിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Published on

ഹരിയാനയിലെ ബിജെപി സർക്കാർ യമുനയില്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനോട് തെളിവ് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെ രാത്രി 8 മണിക്കുള്ളില്‍ തെളിവ് നല്‍കാനാണ് നിര്‍ദേശം. കെജ്‌രിവാളിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

കെജ്‌രിവാളിന്റെ ആരോപണം ഗുരുതരവും സംസ്ഥാനങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്നതാണെന്നും മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും ബിജെപി കത്തില്‍ പറഞ്ഞിരുന്നു. യമുനയിലെ അമോണിയയുടെ അളവ് സംബന്ധിച്ച് കമ്മീഷന്‍ ഹരിയാന സര്‍ക്കാരില്‍ നിന്ന് പ്രത്യേക റിപ്പോര്‍ട്ടും തേടി.

ജനുവരി 27 ന് നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം. ജനങ്ങള്‍ക്ക് വെള്ളം നിഷേധിക്കുന്നതിനേക്കാള്‍ വലിയ പാപമൊന്നുമില്ല. ബിജെപി അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിനായി ഡല്‍ഹിയിലെ ജനങ്ങളെ ദാഹിക്കാന്‍ വിടുകയാണ്. ഡല്‍ഹിയില്‍ വിതരണം ചെയ്യാന്‍ ഹരിയാനയില്‍ നിന്നെത്തിക്കുന്ന കുടിവെള്ളത്തില്‍ അവര്‍ 'വിഷം' കലര്‍ത്തുകയാണ്.
ഡല്‍ഹി ജലബോര്‍ഡ് എഞ്ചിനീയര്‍മാരുടെ ജാഗ്രത ഒന്നുകൊണ്ടു മാത്രമാണ് ഈ വെള്ളം നിര്‍ത്താന്‍ കഴിഞ്ഞത്. മലിനമായ വെള്ളത്തില്‍ വളരെ വിഷാംശമുള്ളതിനാല്‍ ഡല്‍ഹിയിലുള്ള ജലശുദ്ധീകരണ പ്ലാന്റുകള്‍ക്ക് ഇത് സംസ്‌കരിക്കാന്‍ കഴിയില്ല. ഡല്‍ഹിയിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനാണ് ബിജെപിയുടെ ശ്രമം. ഇത് ഞങ്ങള്‍ അനുവദിക്കില്ലെന്നും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഹരിയാനയില്‍നിന്ന് ഡല്‍ഹിയിലെത്തിക്കുന്ന കുടിവെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമാണെന്ന് ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുമുണ്ട്.

അതേസമയം, കെജ്‌രിവാളിന്റെ ആരോപണത്തില്‍ നയാബ് സൈനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെജ്‌രിവാളിന്റെ ആരോപണം തെറ്റാണെങ്കില്‍ പെരുമാറ്റച്ചട്ട ലംഘനത്തിന് കെജ്‌രിവാളിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.

കെജ്‌രിവാളിന്റെ ആരോപണം തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കാണിച്ച് ഡല്‍ഹി ജല്‍ ബോര്‍ഡ് സിഇഒ ശില്‍പ ഷിന്‍ഡേ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com