
ജാര്‍ഖണ്ഡിലെ ആക്ടിങ് ഡിജിപിയെ ഉടന്‍ മാറ്റണമെന്ന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിജിപി അനുരാഗ് ഗുപ്തയെ മാറ്റാനാണ് ഉത്തരവ്. മുന്‍ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഡിജിപിക്കെതിരെ ഉയര്‍ന്ന പരാതികള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ ഉത്തരവ്.
നവംബര്‍ 13 നും 20 നും രണ്ട് ഘട്ടങ്ങളിലാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സമയത്ത് ഡിജിപി തലത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും ചുമതല. മുതിര്‍ന്ന ഐപിഎസ് ഉദ്യോസ്ഥരുടെ ലിസ്റ്റ് ഒക്ടോബര്‍ 21ന് മുമ്പായി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈ പട്ടികയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും ഉദ്യോഗസ്ഥനെ നിയമിക്കുക.
മുൻ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന പരാതികളും നടപടികളുമാണ് അനുരാഗ് ഗുപ്തയ്ക്ക് തിരിച്ചടിയായത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് അനുരാഗ് ഗുപ്തയ്‌ക്കെതിരെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) പരാതി നല്‍കിയിരുന്നു. അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജി ആയിരുന്ന ഗുപ്ത പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു ജെഎംഎമ്മിന്റെ പരാതി. തുടര്‍ന്ന് ഉദ്യോഗസ്ഥനെ ചുമതലകളില്‍ നിന്ന് നീക്കി. ഡല്‍ഹിയിലേക്ക് അയച്ച ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സംസ്ഥാനത്തേക്ക് തിരിച്ചു വരാനും അനുമതിയുണ്ടായിരുന്നില്ല.
2016 ലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും അനുരാഗ് ഗുപ്തയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. അഡീഷണല്‍ ഡിജിപിയായിരുന്ന ഗുപ്ത അധികാരം ദുർവിനിയോഗം നടത്തിയെന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും വകുപ്പുതല അന്വേഷണവും അന്ന് നടന്നിരുന്നു.