പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മന്നിന്‍റെ ഡൽഹിയിലെ വസതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റെയ്ഡ്

ഡൽഹിയിലെ ജനങ്ങൾ അഞ്ചാം തീയതി ഇതിന് ഉത്തരം തരുമെന്നായിരുന്നു അതിഷിയുടെ പ്രതികരണം
അതിഷി മർലേന, ഭ​ഗവന്ത് മന്‍
അതിഷി മർലേന, ഭ​ഗവന്ത് മന്‍
Published on

പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മന്നിന്‍റെ ഡൽഹിയിലെ വസതിയിൽ പരിശോധനയ്ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘവും ഡല്‍ഹി പൊലീസും. വസതിയിലേക്ക് കടക്കാന്‍ പഞ്ചാബ് പൊലീസ് അനുവദിച്ചിരുന്നില്ല. മൂന്ന് മണികൂറിന് ശേഷമാണ് സംഘം അകത്ത് കടന്നത്. 


ഡൽഹിയിൽ ബിജെപി പരസ്യമായി പണം വിതരണം ചെയ്യുമ്പോൾ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ഒന്നും ചെയ്യുന്നില്ലെന്നാണ് റെയ്ഡിൽ പ്രതികരിച്ചുകൊണ്ട് ഭ​ഗവന്ത് മൻ എക്സിൽ കുറിച്ചത്. ‌

'ഇന്ന്, ഡൽഹി പൊലീസിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു സംഘം എന്റെ കപൂർത്തല ഹൗസിലെ വസതിയിൽ റെയ്ഡിനായി എത്തി. ബിജെപി ഡൽഹിയിൽ പരസ്യമായി പണം വിതരണം ചെയ്യുന്നുണ്ട്, പക്ഷേ ഡൽഹി പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസും ഒന്നും ചെയ്യുന്നതായി കാണുന്നില്ല. ഒരു തരത്തിൽ, ബിജെപിയുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഡൽഹി പൊലീസിന്റെയും നേതൃത്വത്തിൽ പഞ്ചാബികളോട് അനാദരവ് കാണിക്കുന്നു. ഇത് വളരെ ദയനീയമാണ്', മൻ എക്സിൽ കുറിച്ചു.

ബിജെപിക്കെതിരെ സമാനമായ ആരോപണമാണ് ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയും ഉന്നയിച്ചത്. ഡൽഹിയിലെ ജനങ്ങൾ അഞ്ചാം തീയതി ഇതിന് ഉത്തരം തരുമെന്നായിരുന്നു അതിഷിയുടെ പ്രതികരണം.

'ബിജെപിക്കാർ പകൽ വെളിച്ചത്തിൽ പണവും ഷൂസും ഷീറ്റുകളും വിതരണം ചെയ്യുന്നു - അത് ദൃശ്യമല്ല. പകരം, അവർ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ വസതി റെയ്ഡ് ചെയ്യാൻ പോകുന്നു. ബിജെപി! ഡൽഹിയിലെ ജനങ്ങൾ 5-ാം തീയതി ഇതിന് ഉത്തരം നൽകും', എഎപി നേതാവ് എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ദിവസം പഞ്ചാബ് രജിസ്ട്രേഷൻ നമ്പറും 'പഞ്ചാബ് സർക്കാർ' എന്ന സ്റ്റിക്കർ പതിച്ചതുമായ ഒരു സ്വകാര്യ വാഹനം ഡൽഹി പോലീസ് പിടിച്ചെടുത്തിരുന്നു. വാഹനത്തിൽ നിന്നും മദ്യക്കുപ്പികളും പണവും ആം ആദ്മിയുടെ ലഘുലേഖകളും കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം പിടിച്ചെടുത്ത നടപടി ആസൂത്രിതമാണെന്നായിരുന്നു ആം ആദ്മിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ കപൂർത്തല ഹൗസിലെ ഇന്നത്തെ റെയ്ഡ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com