തെരഞ്ഞെടുപ്പ് ഫണ്ട്: കാസർ​ഗോഡ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് എൻഡിഎ സ്ഥാനാർഥി!

70 ലക്ഷത്തിലേറെ രൂപയാണ് എം.എൽ.അശ്വിനി തിരഞ്ഞെടുപ്പിനായി ചെലവഴിച്ചത്
തെരഞ്ഞെടുപ്പ് ഫണ്ട്: കാസർ​ഗോഡ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് എൻഡിഎ സ്ഥാനാർഥി!
Published on

കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കാസർ​ഗോഡ് മണ്ഡലത്തിൽ ഏറ്റവും കൂടതൽ പണം ചെലവഴിച്ചത് എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി .
70 ലക്ഷത്തിലേറെ രൂപയാണ് എം.എൽ.അശ്വിനി തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന് ചെലവായത് 68 ലക്ഷത്തിലേറെ രൂപ. തെരഞ്ഞടുപ്പിൽ വിജയിച്ച യുഡിഎഫിലെ രാജ്മോഹൻ ഉണ്ണിത്താൻ ആകെ ചെലവഴിച്ചത് 47.81 ലക്ഷം രൂപ മാത്രമെന്നാണ് കളക്ടർക്ക് നൽകിയ കണക്കുകളിൽ വ്യക്തമാക്കിയത്.

മണ്ഡലത്തിൽ ഇത്തവണ തെരഞ്ഞെടുപ്പിൽ മുന്നണികൾ കാഴ്ചവെച്ച ഇഞ്ചോടിഞ്ച് പോരാട്ടം പണം ചിലവഴിക്കുന്നതിലും പ്രകടമായിരുന്നു. വോട്ടിൽ പിന്നിലാണെങ്കിലും മഹിളാമോർച്ച ദേശീയ നേതാവ് കൂടിയായ എം.എൽ.അശ്വിനി ചെലവഴിച്ചത് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെക്കാളും  22 ലക്ഷത്തോളം കൂടുതൽ രൂപയാണ്.

എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ്റെ  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുമരെഴുതി തീർത്തത് 8.90 ലക്ഷം രൂപയാണ്. ഇതിനായി സ്ഥാനാർഥിയും ഏജൻ്റും ചേർന്ന് നൽകിയത് 2.22 ലക്ഷമാണ്. ബാക്കി അതത് ബൂത്തു കമ്മിറ്റികളും ചെലവഴിച്ചു. 19.76 ലക്ഷത്തിൻ്റെ ബാനറുകളും ബോർഡുകളും 1.78 ലക്ഷത്തിൻ്റെ  പോസ്റ്ററുകളും നോട്ടീസുകളും 23600 രൂപയുടെ കൊടികളും സൗണ്ട് സിസ്റ്റത്തിനായി 6.34 ലക്ഷവും പത്ര–ദൃശ്യമാധ്യമങ്ങളിൽ പരസ്യങ്ങൾക്കായി 1.60 ലക്ഷം രൂപയുമാണ് എൽഡിഎഫ് വിനിയോഗിച്ചത്.പൊതുയോഗത്തിനായി 9.81 ലക്ഷവും ദേശീയ–സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ള സ്റ്റാർ ക്യാംപെയ്നിനായി 8.30 ലക്ഷവും ക്യാംപെയ്ൻ പ്രവർത്തനങ്ങൾക്കായി 37.79 ലക്ഷവും പ്രചാരണത്തിൻ്റെയും നേതാക്കളുടെയും സ്ഥാനാർഥികളുടെയും സഞ്ചാരത്തിനായി വാഹനം ഉപയോഗിച്ചതിനു 9.25 ലക്ഷവുമാണ് എൽഡിഎഫ് സ്ഥാനാർഥി ആകെ ചെലവഴിച്ചത്.

രാജ്മോഹൻ ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്കായി ചെലവഴിച്ചത് 7.52 ലക്ഷം രൂപയാണ്.ദേശീയ–സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ സ്റ്റാർ ക്യാംപെയ്നിനു 4.34 ലക്ഷവും പ്രചാരണ പ്രവർത്തനങ്ങൾക്കു ആവശ്യമായ ബാനർ, നോട്ടീസ്, ബോർഡുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾക്കായി 16 ലക്ഷവും വാഹനത്തിനായി 5.68 ലക്ഷവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത പ്രവർത്തകർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി 2.30 ലക്ഷവുമാണ് ചെലവഴിച്ചത്. പോസ്റ്ററിനു 1.80 ലക്ഷവും മൈക്ക് സൗണ്ട് സിസ്റ്റത്തിൻ്റെ  വാടകയിനത്തിൽ 2 ലക്ഷം രൂപയും ചെലവഴിച്ചു.

എം.എൽ.അശ്വിനി ബാനർ, ബോർഡ്, കട്ടൗട്ട് എന്നിവയ്ക്കായി 14 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ചുമരെഴുത്തിനായി 3.34 ലക്ഷവും പോസ്റ്റർ, നോട്ടീസ് തുടങ്ങിയവയ്ക്കായി 8.82 ലക്ഷവും കൊടികൾക്കായി 22,500 രൂപയും മൈക്ക് സെറ്റിനായി 2.84 ലക്ഷവും വിനിയോഗിച്ചു. ഇതടക്കമുള്ള പ്രചാരണ പ്രവർത്തന സാമഗ്രികൾക്കായി മാത്രം ആകെ 30 ലക്ഷം രൂപയാണ് അശ്വിനി ചെലവഴിച്ചത്.

പൊതുയോഗത്തിനായി 4.74 ലക്ഷവും റാലി, സ്റ്റാർ ക്യാംപെയ്ൻ എന്നിവയ്ക്കായി 6 ലക്ഷത്തോളം രൂപയും പത്ര–ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം നൽകിയതിനു 13 ലക്ഷവും വാഹന വാടകയായി 8.67 ലക്ഷവും പ്രവർത്തകർക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾക്കായി 5.23 ലക്ഷവും എൻഡിഎ സ്ഥാനാർഥി മണ്ഡലത്തിൽ ചെലവാക്കി. മൂവരും റിട്ടേണിങ് ഓഫിസർക്ക് നൽകിയ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ചുള്ള രേഖകളിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com