ഇരുട്ടടിയായി വൈദ്യുതി ബില്ല്; ഇടുക്കിയിൽ നാല് ബൾബുകൾ മാത്രമുള്ള വീടിന് വൈദ്യുതി ബില്ല് 34,000

150 മുതൽ 190 രൂപ വരെയാണ് വൈദ്യൂതി ബിൽ ഇതുവരെ വന്നിരുന്നതെന്ന് അഗസ്തി പറയുന്നു
ഇരുട്ടടിയായി വൈദ്യുതി ബില്ല്; ഇടുക്കിയിൽ നാല് ബൾബുകൾ മാത്രമുള്ള വീടിന് വൈദ്യുതി ബില്ല് 34,000
Published on

ഇടുക്കി അയ്യപ്പൻകോവിലിൽ രണ്ടു മുറിയുള്ള വീടിന് ലഭിച്ചത് 34,165 രൂപയുടെ വൈദ്യൂതി ബില്ല്. ഇത്രയും വലിയ തുകയുടെ ബില്ല് അടയ്‌ക്കാതിരുന്നതോടെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അയ്യപ്പൻകോവിൽ മേരികുളം ആലക്കൽ എജെ അഗസ്തിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി വിച്ഛേദിച്ചത്.

രണ്ടു മുറിയുള്ള വീടിന് 34,165 രൂപയാണ് രണ്ടുമാസത്തെ വൈദ്യൂതി ബിൽ. അഗസ്തിയും മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. 2006 ലാണ് ഇവർക്ക് വൈദ്യൂതി ലഭിച്ചത്. അന്നു മുതൽ നാല് ബൾബുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. വൈദ്യുതി യൂണിറ്റ് വർധിപ്പിക്കേണ്ട മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ വീട്ടിലില്ല. 150 മുതൽ 190 രൂപ വരെയാണ് വൈദ്യൂതി ബിൽ ഇതുവരെ വന്നിരുന്നതെന്ന് അഗസ്തി പറയുന്നു.

ഈ മാസം ബിൽ തുക വർധിക്കുമെന്ന് മീറ്റർ റീഡിങ്ങിനു വന്ന ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. ബിൽ തുക ലഭിച്ച ഉടൻ തന്നെ ഉപ്പുതറ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ പരാതിപ്പെട്ടു. സബ് എഞ്ചിനീയർ സ്ഥലത്തു വന്നു പരിശോധന നടത്തി. വയറിങ്ങിലെ തകരാറാണ് വൈദ്യൂതി കൂടുതലായി മീറ്ററിൽ രേഖപ്പെടുത്തിയതിനു കാരണമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് 14,000 രൂപ അടച്ചാൽ മതിയെന്ന് അഗസ്തിയെ അറിയിച്ചു. എന്നാൽ പൊതു പ്രവർത്തകർ ഇടപെട്ട് അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധന നടത്തിച്ചപ്പോൾ, തകരാർ കണ്ടെത്താനായിട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞു.

കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്ന അഗസ്തിയ്ക്ക് ബിൽ താങ്ങാനാവുന്നതിലും അധികമാണ്. അതിനാൽ അത് അടയ്ക്കാനും സാധിച്ചില്ല. ഇതേ തുടർന്ന് പതിനഞ്ചാം തീയതി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യൂതി വിച്ഛേദിച്ചു . പുതിയ വയറിങ് നടത്തി, മീറ്ററും, മെയിൻ സ്വിച്ചും മാറ്റണമെന്നാണ് നിർദേശം. ഒരാഴ്ചയായി മെഴുകുതിരി വെളിച്ചത്തിൽ കഴിഞ്ഞു കൂടുകയാണ് അഗസ്തിയും മകളും. സുരക്ഷാ കാരണത്താലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com