
24 മണിക്കൂറിനുള്ളിൽ 11 ലക്ഷം വൃക്ഷത്തൈകൾ നട്ട് ലോക റെക്കോർഡ് നേടി മധ്യപ്രദേശിലെ ഇൻഡോർ. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം കൂടിയായ ഇൻഡോറിൻ്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായിരിക്കുകയാണ് റെക്കോർഡ്.
ലോക റെക്കോർഡ് നേടിയതിൻ്റെ ഔദ്യോഗിക സർട്ടിഫിക്കറ്റ് മധ്യപ്രദേശിന് വേണ്ടി മധ്യപ്രദശ് മുഖ്യമന്ത്രി മോഹൻ യാദവ് ഏറ്റുവാങ്ങി. ചരിത്രം സൃഷ്‌ടിക്കാൻ കാരണമായ ഇൻഡോറിലെ മുഴുവൻ ആളുകളെയും അഭിനന്ദിക്കുന്നതായി, ലോക റെക്കോർഡ് നേടിയതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി മോഹൻ യാദവ് എക്സിൽ കുറിച്ച പോസ്റ്റിൽ പറഞ്ഞു.
നഗരഭരണ മന്ത്രി വിജയവർഗിയയും ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവയും പൗരന്മാരെയും ബിഎസ്എഫ് സൈനികരെയും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ച 200-ലധികം സാമൂഹിക, വിദ്യാഭ്യാസ, മത, ബിസിനസ് സംഘടനകളെയും അഭിനന്ദിച്ചു.
11 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള തീരുമാനം മെയ് 27 നാണ് അവതരിപ്പിച്ചത്. 46 ദിവസത്തെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനം ശേഷമാണ് സുപ്രധാന നാഴികക്കല്ലിലെത്തിയതെന്ന് വിജയവർഗിയ പറഞ്ഞു.
ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടു പടിപ്പിച്ച റെക്കോർഡ് അസമിനായിരുന്നു.