
വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ പരസ്യ പോരാട്ടവെല്ലുവിളി സ്വീകരിച്ച് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. വെനസ്വേലൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നെന്ന മസ്‌കിൻ്റെ ആരോപണവും സ്വേച്ഛാധിപതിയെന്ന വിശേഷണവുമാണ് മഡൂറോയെ ചൊടിപ്പിച്ചത്. യുദ്ധം ചെയ്യണമെങ്കിൽ തയ്യാറാണെന്നും മസ്കിനെ ഭയപ്പെടുന്നില്ലെന്നും മഡൂറോ വ്യക്തമാക്കി. ഇതോടെ മസ്കും മഡൂറോയും സമൂഹമാധ്യമത്തിലൂടെ യുദ്ധം തുടങ്ങി. തീവ്രവലതുപക്ഷ വാദിയായ മസ്കും സോഷ്യലിസ്റ്റ് നേതാവായ നിക്കോളാസ് മഡൂറോയും തമ്മിലുളള ആശയ വിരോധം ആരംഭിച്ചിട്ട് കാലങ്ങളായി.
നാഷണൽ ഇലക്ടറൽ കൗൺസിലിൽ നടന്ന കമ്പ്യൂട്ടർ ഹാക്കിംഗിന് പിന്നിൽ മസ്കാണെന്നു പറഞ്ഞ മഡൂറോ വെനസ്വേലയ്‌ക്കെതിരായ ആക്രമണങ്ങൾ മസ്‌ക് കരുതിക്കൂട്ടി സംഘടിപ്പിക്കുന്നുവെന്നും ആരോപിച്ചു. അതേസമയം, വിശദമായ ഡാറ്റ പുറത്ത് വിടാതെ ഇലക്ടറൽ കൗൺസിൽ മഡൂറോയെ വിജയിയായി പ്രഖ്യാപിച്ചതോടെ രാജ്യത്തെങ്ങും വ്യാപക രീതിയിലുളള പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. പിന്നാലെയാണ് മഡൂറോ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി മസ്ക് രംഗത്തെത്തിയത്.
മഡൂറോക്കെതിരായ മസ്‌കിൻ്റെ പരസ്യ പ്രചരണം ഇവർ തമ്മിലുള്ള സംഘർഷം കടുപ്പിച്ചു. സോഷ്യൽ മീഡിയ ഒരു വെർച്വൽ റിയാലിറ്റി സൃഷ്ടിക്കുകയാണ്. നമ്മുടെ പുതിയ ബദ്ധശത്രുവായ ഇലോൺ മസ്‌കാണ് ഈ വെർച്വൽ റിയാലിറ്റിയെ നിയന്ത്രിക്കുന്നത്. മസ്കിന് യുദ്ധം ചെയ്യണമെങ്കിൽ തയ്യാറാണെന്നും മസ്‌ക്കിനെ ഭയപ്പെടുന്നില്ലെന്നും മഡൂറോ പറഞ്ഞു.
പിന്നാലെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് മസ്ക് രംഗത്തെത്തി. സമാനരീതിയിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗുമായി നിലനിൽക്കുന്ന പോരാട്ടം പരാമർശിച്ചുകൊണ്ടായിരുന്നു മസ്കിൻ്റെ മറുപടി. "മഡൂറോ ഒരു വലിയ മനുഷ്യനാണ്, അയാൾക്ക് എങ്ങനെ യുദ്ധം ചെയ്യണമെന്ന് അറിയാം, അതിനാൽ ഇത് ഒരു യഥാർത്ഥ പോരാട്ടമായിരിക്കും. സുക്കർബർഗ് ഒരു ചെറിയ സുഹൃത്താണ്. അതിനാൽ അതൊരു ചെറിയ പോരാട്ടമായിരിക്കും" ഇലോൺ മസ്ക് എക്സിൽ കുറിച്ചു.
അൽപസമയത്തിനുള്ളിൽ മസ്കിൻ്റെ രണ്ടാം പോസ്റ്റുമെത്തി. "ഞാൻ വിജയിച്ചാൽ, മഡൂറോ വെനസ്വേലയുടെ 'ഏകാധിപതി' സ്ഥാനം രാജിവെക്കും. മറിച്ച് മഡൂറോയാണ് വിജയിക്കുന്നതെങ്കിൽ അദ്ദേഹത്തിന് ചൊവ്വയിലേക്ക് ഞാന്‍ ഒരു സൗജന്യ യാത്ര നൽകും" മസ്‌ക് വാഗ്ദ്ധാനം ചെയ്തു.
അതേസമയം, പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി വെനസ്വേലയിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ ഉയരുകയാണ്. എതിർ സ്ഥാനാർഥിയും വലതുപക്ഷ നേതാവുമായ എഡ്മണ്ടോ ഗോൺസാലസ് 73.2 ശതമാനം വോട്ട് നേടി വിജയിച്ചെന്നും നിക്കോളാസിൻ്റെ വിജയം വ്യാജമാണെന്നുമാണ് പ്രക്ഷോഭകരുടെ പക്ഷം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സർവേ വലതുപക്ഷ നേതാവ് എഡ്മണ്ടോ ഗോൺസാലസിൻ്റെ വിജയമാണ് പ്രവചിച്ചിരുന്നത്. 11 വർഷമായി ഭരണത്തിലുള്ള നിക്കോളാസ് മഡൂറോയെ വീഴ്ത്താൻ ഗോൺസാലസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷകക്ഷികളെല്ലാം ഒന്നിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത് നിക്കോളാസിൻ്റെ ഭരണമായിരുന്നെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വാദം.