ഇന്ത്യൻ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം: മുകേഷ് അംബാനിയെ പിന്നിലാക്കി ഇലോണ്‍ മസ്ക്

രണ്ട് സഹസ്ര കോടീശ്വരന്മാർ തമ്മിലെ നേർക്കുനേർ യുദ്ധത്തിനാണ് ഇന്ത്യയിലെ ടെലികോം രംഗം ഇനി സാക്ഷിയാകുന്നത്
ഇന്ത്യൻ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം: മുകേഷ് അംബാനിയെ പിന്നിലാക്കി ഇലോണ്‍ മസ്ക്
Published on

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവന വിതരണത്തിന് വേണ്ടിയുള്ള പിടിവലിയില്‍ മുകേഷ് അംബാനിയെ വെട്ടി മുന്നേറുകയാണ് ഇലോണ്‍ മസ്ക്. ഒരുവർഷത്തിലേറെയായി തുടരുന്ന തർക്കത്തില്‍ മസ്കിന് അനുകൂലമായി തീരുമാനമുണ്ടായി. ഇതോടെ, രണ്ട് സഹസ്ര കോടീശ്വരന്മാർ തമ്മിലെ നേർക്കുനേർ യുദ്ധത്തിനാണ് ഇന്ത്യയിലെ ടെലികോം രംഗം ഇനി സാക്ഷിയാവുക. 

480 ദശലക്ഷം ഉപയോക്താക്കളുമായി ഇന്ത്യയുടെ ടെലികോം മേഖലയില്‍ ഒറ്റയാനായി നില്‍ക്കുന്ന ജിയോയുടെ ആധിപത്യം ഇനി അധികം നീളില്ല എന്ന മുന്നറിയിപ്പുമായാണ് ടെക് ഭീമന്‍ ഇലോണ്‍ മസ്ക് ഇന്ത്യയുടെ ബ്രോഡ്‍ബാന്‍ഡ് സേവനരംഗത്തേക്ക് എത്തുന്നത്. മസ്ക് അടക്കം വിദേശ നിക്ഷേപകരെ മത്സരരംഗത്ത് നിന്ന് അകറ്റിനിർത്താനുള്ള റിലയന്‍സിന്‍റെ ഒരുവർഷത്തോളം നീണ്ട ശ്രമമാണ് പൊളിഞ്ഞത്. ഇതോടെ മസ്കിന്‍റെ സ്റ്റാർലിങ്ക് ഇന്ത്യയില്‍ പ്രവർത്തനം ആരംഭിക്കുമെന്ന് മാത്രമല്ല, റിലയന്‍സിനോട് കിടപിടിക്കുന്ന നിരക്കുകളവതരിപ്പിക്കുകയും കൂടി ചെയ്താൽ ഇന്ത്യയിൽ അതൊരു ടെലികോം യുദ്ധമായി തീരും.

സാറ്റലൈറ്റ് സ്പെക്ട്രം എന്നത് സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കുന്ന റേഡിയോ ഫ്രീക്വൻസികളെയാണ് സൂചിപ്പിക്കുന്നത്. ഇലോണ്‍ മസ്കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ്‌എക്സിന്‍റെ സാറ്റലെെറ്റ്-ബ്രോഡ്ബാന്‍ഡ് സേവനമാണ് സ്റ്റാർലിങ്ക്. ഭൂമിയെ ഭ്രമണം ചെയ്യുന്ന 6,400 സജീവ സാറ്റലെെറ്റുകളിലൂടെ 40 ലക്ഷം ഉപഭോക്താക്കൾക്ക് ഒരേസമയം, 5 ജി ലോ-ലേറ്റൻസി ബ്രോഡ്‌ബാൻഡ് നൽകുന്നതിന് ശേഷിയുള്ള ഈ സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുക എന്ന മസ്കിന്‍റെ മോഹം ഒരുവർഷത്തോളമായി തർക്കത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. 


ലേലത്തിലൂടെ നീതിപരമായ മത്സരത്തിന് അവസരമൊരുക്കണമെന്നായിരുന്നു റിലയന്‍സിന്‍റെ വാദം. അധികനിക്ഷേപവും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും ഉയർത്തുന്ന ഈ നീക്കത്തിലൂടെ വിദേശ മത്സരം തടയാനായിരുന്നു ശ്രമം. എന്നാല്‍ ആ പദ്ധതിയെല്ലാം വെള്ളത്തിലാക്കിയാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങളെ പിന്തുടർന്ന് ഉദ്യോഗസ്ഥ തലത്തില്‍ ലെെസന്‍സിന് അനുമതി നല്‍കാന്‍ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ അഥവാ സാറ്റ്കോം സ്പെക്ട്രം ലെെസന്‍സുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍, അന്താരാഷ്ട്ര ഏജന്‍സിയായ ഇൻ്റർനാഷണൽ ടെലി കമ്യൂണിക്കേഷന്‍ യൂണിയൻ ഉടമ്പടിയിൽ ഒപ്പുവെച്ചിരിക്കുന്ന ഇന്ത്യ, അതിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായാണ് പ്രവർത്തിച്ചുവരുന്നത്.

അതിവേഗ ഇൻ്റർനെറ്റ് എത്താത്ത ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ഉള്‍പ്പടെ, സ്റ്റാർലിങ്കിൻ്റെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനങ്ങളെത്തിക്കുമെന്നാണ് മസ്‌ക് പറയുന്നത്. 2030-ഓടെ 36% വളർച്ച കെെവരിച്ച് ഇന്ത്യയുടെ ടെലികോം വിപണി 2000 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഈ സുവർണ്ണകാലത്തില്‍ നിലവിലെ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കളെ പങ്കുവെയ്‍ക്കേണ്ടിവരുമെന്ന് മാത്രമല്ല, ഭാവിയില്‍-ഡാറ്റ-വോയിസ് സേവനങ്ങളിലേക്കും മസ്ക് പിടിമുറുക്കിയേക്കുമെന്നാണ് റിലയന്‍സിന്‍റെ ഭയം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com