
രാജ്യാന്തര ബഹിരാകാശ നിലയം ( ഐ എസ് എസ് ) കാലാവധി പൂർത്തിയാക്കുമ്പോൾ നശിപ്പിക്കാനുള്ള ചുമതല ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിക്ക്. അടുത്ത പതിറ്റാണ്ടിന്റെ ആദ്യമായിരിക്കും ഇത് സംഭവിക്കുക. ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പമുള്ള 430 ടണ്ണോളം ഭാരം വരുന്ന നിലയം പസഫിക് സമുദ്രത്തിലേക്ക് തള്ളിയിടാനാണ് നീക്കം. അതിനായി കരുത്തുള്ള വാഹനം നിർമിക്കും.
തിരിച്ചിറക്കാൻ ആവശ്യമായ റഷ്യൻ സാങ്കേതിക വിദ്യയുമായാണ് നിലയം നിൽക്കുന്നത്. എന്നാൽ, യുക്രൈൻ യുദ്ധം ഉൾപ്പടെ അടുത്തിടെ രാജ്യാന്തര തലത്തിൽ റഷ്യ മറ്റുരാജ്യങ്ങളുമായി ചേരാതെ നിൽക്കുന്നതുകൊണ്ട് രാജ്യാന്തര ബഹിരാകാശ ധാരണകളിൽ നിന്ന് റഷ്യ പിന്മാറിയാലോ എന്ന് കരുതി നിലയത്തെ തിരികെ കൊണ്ടുവരാനായി സ്വന്തം നിലയിൽ ആവശ്യമായ കാര്യങ്ങൾ നാസ അന്വേഷിക്കുന്നുണ്ടായിരുന്നു . 2028 വരെയേ നിലയത്തിന്റെ ഭാഗമായിരിക്കുകയുള്ളു എന്നാണ് റഷ്യയുടെ നിലപാട്. ഇതുകൊണ്ട് തന്നെ കൃത്യമായ പദ്ധതി ഒരുക്കണമെന്ന് വൈറ്റ് ഹൗസ് ഉള്‍പ്പെടെയുള്ള മറ്റു സർക്കാർ നേതൃത്വം നാസയോട് ആവിശ്യപെട്ടിരുന്നു. 24 വർഷമായി നിലനിൽക്കുന്ന നിലയത്തിന്റെ കാലാവധി 2030 ൽ അവസാനിപ്പിക്കാനാണ് നാസയുടെ പദ്ധതി.
ഭൂമിയിലേക്ക് തിരിച്ചുവരുമ്പോൾ നിലയത്തിന്റെ വലിയ ഒരു പങ്കും കത്തിയമരും. ബാക്കി വരുന്ന അവശിഷ്ടങ്ങൾ ആളപായം ഇല്ലാത്ത രീതിയിൽ സമുദ്രത്തിൽ വീഴുന്ന തരത്തിലായിരിക്കും ക്രമീകരണം ഒരുക്കുന്നത്. ഇതിനു വേണ്ടി 7032 കോടി രൂപയുടെ കരാറാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്.