
ഐഎസ്ആർഒയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്- 20 വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച അർധരാത്രി 12 മണിയ്ക്ക് ഫ്ളോറിഡയിലെ കേപ്പ് കനാവറലിൽ നിന്നായിരുന്നു വിക്ഷേപണം. സ്പെസ് എക്സുമായി ചേർന്ന് ഐഎസ്ആർഒ നടത്തുന്ന ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണമാണിത്.
ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിൻ്റെ ഫാൽക്കൺ - 9 റോക്കറ്റാണ് ജിസാറ്റുമായി പറന്നുയർന്നത്. 34 മിനിറ്റുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിലെത്തി. ഐഎസ്ആർഒ യും സ്പേസ് എക്സും തമ്മിലുള്ള ആദ്യ വാണിജ്യ കരാറിൻ്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണം.
ALSO READ: വായുമലിനീകരണത്തിൽ ശ്വാസം മുട്ടി പിടയുന്ന ഡൽഹി; വായുഗുണനിലവാരത്തിൽ മുൻപന്തിയിൽ തിരുവനന്തപുരം നഗരം
ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതാണ് 4700 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-20 ഉപഗ്രഹം. ഇന്ത്യയുടെ ആശയവിനിമയ സൗകര്യം ഉപഗ്രഹം മെച്ചപ്പെടുത്തും. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബർ ദ്വീപുകളിലടക്കം അതിവേഗ ബ്രോഡ്ബാൻഡ് സൗകര്യമെത്തിക്കാൻ പുതിയ വിക്ഷേപണം സഹായിക്കുമെന്നാണ് കരുതുന്നത്.
14 വർഷത്തെ ദൗത്യ ആയുസ്സുള്ള കാ-ബാൻഡ് ഹൈ-ത്രൂപുട്ട് കമ്മ്യൂണിക്കേഷൻസ് പേലോഡാണ് ഉപഗ്രഹത്തിൽ ഉപയോഗിച്ചിട്ടുള്ളത്. വിക്ഷേപണം വിജയരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാധാകൃഷ്ണൻ ദുരൈ രാജ് അറിയിച്ചു.