'റഷ്യ യുക്രെയ്ൻ കൊണ്ട് നിർത്തുമെന്ന് എന്താണ് ഉറപ്പ്?' യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി മാക്രോണ്‍

ട്രംപിന്റെ താരിഫ് ഭീഷണി, യുക്രെയ്ൻ പ്രതിസന്ധി, യൂറോപ്യൻ സുരക്ഷ, ട്രാന്‍സ് അറ്റ്ലാന്‍റിക് വ്യാപാരയുദ്ധ ഭീഷണി എന്നിവയെക്കുറിച്ച് വോട്ടർമാർക്കുള്ള ഉത്കണ്ഠ ശമിപ്പിക്കാനാണ് മാക്രോൺ ടെലിവിഷനിലൂടെ അവരെ അഭിസംബോധന ചെയ്തത്
ഇമാനുവൽ മാക്രോൺ
ഇമാനുവൽ മാക്രോൺ
Published on

റഷ്യൻ ആക്രമണങ്ങൾക്ക് 'അതിർത്തികളില്ലെന്നും' അത് യുക്രെയ്നിൽ അവസാനിക്കില്ലെന്നും ഫ്രഞ്ച് പ്രസി‍ഡന്റ് ഇമാനുവൽ മാക്രോൺ. റഷ്യൻ അധിനിവേശം നേരിട്ടുള്ള ഭീഷണിയാണെന്നും യുഎസ് പിന്മാറിയാൽ പ്രതിരോധത്തിന് തയ്യാറാകണമെന്നും യൂറോപ്പിന് മാക്രോൺ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വൈകുന്നേരം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത പ്രസം​ഗത്തിലായിരുന്നു മാക്രോണിന്റെ പ്രസ്താവന.

'യുഎസ് നമ്മുടെ പക്ഷത്തുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ അതങ്ങനെയല്ലെങ്കിൽ നമ്മൾ തയ്യാറായിരിക്കണം', മാക്രോൺ പറഞ്ഞു. റഷ്യയുമായി ഒരു ഉറച്ച സമാധാന ചർച്ച സാധ്യമാകും വരെ യുക്രെയ്നെ പിന്തുണയ്ക്കണം. യുക്രെയ്നെ ഉപേക്ഷിച്ചുകൊണ്ട് ഒരു സമാധാന മാർ​ഗവും സാധ്യമാകില്ലെന്നും മാക്രോൺ അറിയിച്ചു. 'എന്ത് വിലകൊടുത്തും' സമാധാനം സാധ്യമാക്കുക നടപ്പിലാവില്ലെന്നും ഫ്രെഞ്ച് പ്രസി‍ഡന്റ് പറഞ്ഞു. റഷ്യയുമായുള്ള സമാധാന ചർച്ചകൾക്ക് യുക്രെയ്‌നെ നിർബന്ധിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പരോക്ഷമായി പരാമർശിച്ചു കൊണ്ടായിരുന്നു പ്രസ്താവന. റഷ്യ യുക്രെയ്ൻ കൊണ്ട് നിർത്തുമെന്ന് എന്താണ് ഉറപ്പെന്ന ചോദ്യവും മാക്രോൺ മുന്നോട്ട് വച്ചു.


ട്രംപിന്റെ താരിഫ് ഭീഷണി, യുക്രെയ്ൻ പ്രതിസന്ധി, യൂറോപ്യൻ സുരക്ഷ, ട്രാന്‍സ് അറ്റ്ലാന്‍റിക് വ്യാപാരയുദ്ധ ഭീഷണി എന്നിവയെക്കുറിച്ച് വോട്ടർമാർക്കുള്ള ഉത്കണ്ഠ ശമിപ്പിക്കാനാണ് മാക്രോൺ ടെലിവിഷനിലൂടെ അവരെ അഭിസംബോധന ചെയ്തത്. യുക്രെയ്‌നിനുള്ള യുഎസ് പിന്തുണ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി അറിയിച്ച ട്രംപ് നാറ്റോയ്ക്കായി പണം നീക്കി വയ്ക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ പിന്നിലാണെന്നും വിമർശിച്ചിരുന്നു. ചൈന, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്തിയതിനു പിന്നാലെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

അതേസമയം, ബ്രസൽസിൽ വച്ച് നടക്കുന്ന പ്രതിരോധ ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി 27 യൂറോപ്യൻ നേതാക്കളുമായി നേരിട്ട് കാണും. ട്രംപിന്റെ പുത്തൻ വ്യാപാര നയങ്ങൾക്കും സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുണ്ടായ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. റഷ്യയുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് സെലൻസ്കി അറിയിച്ചതോടെയാണ് രാജ്യത്തിന് നൽകി വന്നിരുന്ന സൈനിക സഹായം യുഎസ് നിർത്തിവെച്ചത്. സമാധാന ചർച്ചകൾക്ക് യുക്രെയ്ൻ തയ്യാറാകുന്നതു വരെ സഹായങ്ങൾ നൽകില്ലെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com