
പുഷ്പന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര തലശ്ശേരി ടൗൺഹാളിലെത്തി. ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ചൊക്ലിയിലേക്ക് കൊണ്ടുപോകും.ഇ.പി. ജയരാജൻ, പി. ജയരാജൻ, എം.വി. ജയരാജൻ തുടങ്ങിയ നേതാക്കൾ പൊതുദർശനത്തിന് എത്തിയിട്ടുണ്ട്. നൂറ് കണക്കിന് പ്രവർത്തകരാണ് പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിച്ചേർന്നിരിക്കുന്നത്.
രാവിലെ എട്ടുമണിക്കാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് പുഷ്പൻ്റെ മൃതദേഹം വിലാപയാത്രയായി തലശേരിയിലേക്ക് പുറപ്പെട്ടത്. ലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, പയ്യോളി, വടകര, നാദാപുരം റോഡ്, മാഹി, മാഹി പാലം, പുന്നോൽ വഴിയാണ് മൃതദേഹം തലശേരി ടൗണ്‍ഹാളില്‍ എത്തിച്ചേർന്നത്. 12 മണി മുതൽ 4.30 വരെ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ടാകും. തുടർന്ന് സിപിഎം ചൊക്ലി ലോക്കൽ കമ്മിറ്റി വാങ്ങിയ സ്ഥലത്ത് സംസ്കാരം നടക്കും.
ഉച്ചയ്ക്ക് 12 മണിയോടെ തലശേരി ടൗൺ ഹാളിലെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം ആംബുലൻസിൽ പാർട്ടി പ്രവർത്തകരുടെയും ജനാവലിയുടെയും സാന്നിധ്യത്തിൽ കൂത്തുപറമ്പിലേക്ക് കൊണ്ടുപോയി. കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്ന് തളർന്ന് കിടപ്പിലായിരുന്ന പുഷ്പന്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അന്തരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മരണം.