
വിനോദ സഞ്ചാര മേഖലയിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഇക്കോ ടൂറിസം മേഖലയ്ക്ക് സംസ്ഥാന ടൂറിസത്തിലും പ്രാധാന്യം നൽകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചുള്ള ടൂറിസം വികസനമാണ് ഇക്കോ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നതെന്നും, ഇക്കോ ടൂറിസം പൂർണമായും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികൾക്ക് മികച്ച അഭിപ്രായമാണെന്നും ടൂറിസം വികസനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൂങ്ങാം പാറ ഇക്കോ ടൂറിസം പദ്ധതി നിർമാണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി മുഖേനയാണ് തൂങ്ങാം പാറ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. 99.99 ലക്ഷം രൂപയാണ് പദ്ധതിയുടെ നിർമാണ ചെലവ്. ഒന്നാം ഘട്ടത്തിൽ പാറയുടെ മുകളിലേക്ക് കയറാനുള്ള പടവുകൾ, ശൗചാലയം, കുടിലുകൾ , പാറയുടെ മുകളിൽ അതിർത്തി സംരക്ഷണഭിത്തി തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.