ഹെലികോപ്ടറില്‍ സ്റ്റൈലിഷായി ഖുറേഷി അബ്രാം; പുതിയ പോസ്റ്ററുമായി എമ്പുരാന്‍ ടീം

തിരുവനന്തപുരത്തെ ന്യൂ തിയേറ്ററിന് പുറത്ത് ഇതേ പോസ്റ്ററിന്റെ വമ്പന്‍ ഹോര്‍ഡിങ് ഉയര്‍ത്തിയിട്ടുണ്ട്
ഹെലികോപ്ടറില്‍ സ്റ്റൈലിഷായി ഖുറേഷി അബ്രാം; പുതിയ പോസ്റ്ററുമായി എമ്പുരാന്‍ ടീം
Published on


മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന എമ്പുരാനിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ഹെലികോപ്ടറില്‍ സ്റ്റൈലിഷായി ഇരിക്കുന്ന ഖുറേഷി അബ്രാമിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിരുവനന്തപുരത്തെ ന്യൂ തിയേറ്ററിന് പുറത്ത് ഇതേ പോസ്റ്ററിന്റെ വമ്പന്‍ ഹോര്‍ഡിങ് ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം എമ്പുരാന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന സജനചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന ഒരു രാഷ്ട്രീയ നേതാവാണ് സജനചന്ദ്രന്‍.


'ലൂസിഫര്‍ ഞാന്‍ കണ്ടുവെന്ന് പൃഥ്വിരാജിനോട് പറയുന്നത് ഡ്രൈവിങ് ലൈസന്‍സിന്റെ സെറ്റില്‍ വെച്ചാണ്. ആ സിനിമയില്‍ ആരും കണ്ടു പിടിക്കാത്ത ഒരു കുറവ് ഞാന്‍ കണ്ടു പിടിച്ചു. രാജു അത് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ രാജുവിന് വലിയ ആകാംഷയായി അത് അറിയാന്‍. എന്താണ് ആ കുറവ് എന്ന് രാജു എന്നോട് ചോദിച്ചു. ലൂസിഫര്‍ എന്ന സിനിമയില്‍ ഞാന്‍ ഇല്ല എന്നത് വലിയൊരു കുറവായിരുന്നു. അതുകേട്ടപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് രാജു പറഞ്ഞു, അതായിരുന്നുവല്ലെ എന്ന്. എന്നിട്ട് ഞാന്‍ പറഞ്ഞു, എമ്പുരാനില്‍ ആ കുറവ് ഉറപ്പായിട്ടും രാജു നികത്തിയിരിക്കണം എന്ന്. എല്ലാം ഞാന്‍ ഏറ്റുവെന്നാണ് രാജു അത് കേട്ട് പറഞ്ഞത്. കുറേ നാളുകള്‍ക്ക് ശേഷം എനിക്കൊരു ഫോണ്‍ കോള്‍ വന്നു. അങ്ങനെ ആ കുറവ് എമ്പുരാനില്‍ അദ്ദേഹം നികത്തി. കഥാപാത്രത്തിന്റെ പേര് സജനചന്ദ്രന്‍ എന്നാണ്. കേരള രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന ഒരു രാഷ്ട്രീയ നേതാവാണ്. വരുന്ന മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. 27 മുതല്‍ എമ്പുരാന്‍ സംസാരിക്കട്ടേ', സുരാജ് പറഞ്ഞു.


2025 മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com