

എമ്പുരാനിലെ സീനുകൾ നീക്കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും റീ എഡിറ്റിങ് ഒരു സംഘടനയുടേയും താൽപ്പര്യ പ്രകാരമല്ലെന്നും നിർമാതാവ് ആൻ്റണി പെരുമ്പാവൂർ. ഭാവിയിൽ ഏത് സിനിമ ചെയ്യുമ്പോഴും ഏതെങ്കിലും ആളുകൾക്ക് വിഷമമുണ്ടായാൽ അതിനെ ആ രീതിയിൽ പരിഹരിക്കണമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളെല്ലാവരും. സിനിമയിലെ സീനുകൾ മാറ്റുന്നതിൽ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ആൻ്റണി പെരുമ്പാവൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"ജീവിതത്തിൽ ആർക്കെങ്കിലും വിഷമം വരുത്തണമെന്ന് ആഗ്രഹിക്കുന്നവരല്ല ഞാനും മോഹൻലാലും പൃഥ്വിരാജുമൊന്നും. ജീവിതത്തിൽ അത്തരത്തിലൊരു സംഭവം മുൻപ് ഉണ്ടായിട്ടില്ല. ഈ സിനിമ വന്നപ്പോൾ ഏതെങ്കിലും ആൾക്കാർക്ക് അതിൽ സങ്കടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ആ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ ഒരു എഡിറ്റ് നടന്നിരിക്കുന്നത്. അത് രണ്ട് മിനിറ്റും ചെറിയ സെക്കൻഡുകളും മാത്രമാണ് സിനിമയിൽ നിന്ന് മാറ്റിയിരിക്കുന്നത്. അത് വേറെ ആരുടേയും നിർദേശപ്രകാരമൊന്നും അല്ല. ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഒരു സംഘടനയുടേയും താൽപ്പര്യ പ്രകാരമല്ല സീനുകൾ നീക്കിയത്. സീനുകൾ നീക്കുന്നതിൽ ആർക്കും വിയോജിപ്പുകളില്ല. ഇതിൽ വിവാദങ്ങൾക്ക് പ്രസക്തിയില്ല," ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.
"ഭാവിയിൽ ഏത് സിനിമ ചെയ്യുമ്പോഴും ഏതെങ്കിലും ആളുകൾക്ക് വിഷമമുണ്ടായാൽ അതിനെ ആ രീതിയിൽ പരിഹരിക്കണമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളെല്ലാവരും. റീ സെൻസേർഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിൽ ഇറങ്ങാൻ സാധ്യതയുണ്ട്. മോഹൻലാൽ സാറിനും എനിക്കും മറ്റെല്ലാവർക്കും ഈ സിനിമയുടെ കഥ നേരത്തെ അറിയാമായിരുന്നു. അറിയില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. മേജർ രവിയുടെ പ്രസ്താവനകളോട് ഞാൻ പ്രതികരിക്കുന്നില്ല," ആൻ്റണി പറഞ്ഞു.
"പൃഥിരാജിനെ ആരും ഒറ്റപ്പെടുത്തിയെന്ന് ഞാൻ കരുതുന്നില്ല. അതിൻ്റെ കാര്യവുമില്ല.. ഞങ്ങൾ എത്രയോ നാളുകളായി ഒന്നിച്ച് ജോലി ചെയ്യുന്നവരാണ്. ഞങ്ങൾക്ക് നല്ലതെന്ന് തോന്നിയതാണ് സിനിമയായി എടുത്തത്. സിനിമ ജനം ഭയങ്കരമായി സ്വീകരിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി L3 വരും. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമമെന്ന നിലയിലാണ് ഈ സിനിമ ഇത്രയും പണംമുടക്കി എടുത്തിരിക്കുന്നത്," എമ്പുരാൻ സിനിമയുടെ നിർമാതാവ് പറഞ്ഞു.