സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: മഹാരാഷ്ട്രയിൽ 5 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

കിഴക്കൻ മഹാരാഷ്ട്ര ജില്ലയിലെ ഭമ്രഗഡ് താലൂക്കിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്
സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: മഹാരാഷ്ട്രയിൽ 5 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
Published on

തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.കിഴക്കൻ മഹാരാഷ്ട്ര ജില്ലയിലെ ഭമ്രഗഡ് താലൂക്കിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.

ഗഡ്ചിരോളി പൊലീസിൻ്റെ സി-60 സ്പെഷ്യലൈസ്ഡ് കോംബാറ്റ് യൂണിറ്റിലെ കമാൻഡോകളാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത്.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെയാണ് ഏറ്റുമുട്ടൽ.

നവംബർ 20ന് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിർത്തിയിലെ വനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തമ്പടിച്ചു വരുന്ന നക്‌സലൈറ്റ് സംഘം തമ്പടിച്ച് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഗഡ്‌ചിരോളി പൊലീസ് സൂപ്രണ്ട് (എസ്‌പി) ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സി-60 കമാൻഡോകളുടെ 22 ടീമുകളും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) രണ്ട് സ്ക്വാഡുകളും വനമേഖലയിലെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്ന് നക്‌സൽ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതായും കുറിപ്പിൽ പറയുന്നു.

മാവോയിസ്റ്റുകൾ കൂട്ടം ചേർന്ന പ്രദേശത്തേക്ക് പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും എത്തിയയുടൻ നക്‌സലൈറ്റുകളിൽ നിന്ന് വെടിവെപ്പുണ്ടാകുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ തിരിച്ചടിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.വനത്തിൽ തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ വിവരങ്ങൾ ചൊവ്വാഴ്ച ഗഡ്ചിറോളിയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ പുറത്തു വിടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com