EXCLUSIVE | ഭാരതപ്പുഴ കയ്യേറിയും പാടം നികത്തിയും അനധികൃത പ്രവർത്തനം; നിള ബോട്ട് ക്ലബിനെതിരെ പരാതിയുമായി പ്രദേശവാസികള്‍

റവന്യു, ഇറിഗേഷൻ, കൃഷി വകുപ്പുകൾ അനുമതി നിഷേധിച്ചിട്ടും ക്ലബ് പ്രവർത്തനം തുടരുകയാണെന്നും, നടപടിയുണ്ടാകുന്നില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു
EXCLUSIVE | ഭാരതപ്പുഴ കയ്യേറിയും പാടം നികത്തിയും അനധികൃത പ്രവർത്തനം; നിള ബോട്ട് ക്ലബിനെതിരെ പരാതിയുമായി പ്രദേശവാസികള്‍
Published on

തൃശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴ കയ്യേറിയും പാടം നികത്തിയും ബോട്ട് ക്ലബ്ബിന്റെ അനധികൃത പ്രവർത്തനം. നിള ബോട്ട് ക്ലബ് എന്ന സ്ഥാപനത്തിനെതിരെയാണ് പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. റവന്യു, ഇറിഗേഷൻ, കൃഷി വകുപ്പുകൾ അനുമതി നിഷേധിച്ചിട്ടും ക്ലബ് പ്രവർത്തനം തുടരുകയാണെന്നും, നടപടിയുണ്ടാകുന്നില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.


പാലക്കാട് ഷൊർണ്ണൂർ നഗരസഭയുടെയും തൃശൂർ വള്ളത്തോൾ നഗർ പഞ്ചായത്തിന്റെയും അതിർത്തിയിൽ ഭാരതപ്പുഴ കയ്യേറിയും നെൽപ്പാടങ്ങൾ മണ്ണിട്ട് നികത്തിയുമാണ് നിള ബോട്ട് ക്ലബ് പ്രവർത്തനം ആരംഭിക്കുന്നത്. പാഞ്ഞാൾ സ്വദേശി ശിവശങ്കരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ബോട്ട് ക്ലബിനായി രണ്ട് എക്കർ 27 സെന്റ് നെല്ല് വയലും റവന്യൂ പുറമ്പോക്ക് തോടും നികത്തിയെടുത്തു. ഭാരതപ്പുഴ കൈയ്യേറി നിർമിച്ച ഹോട്ടലിനും കുട്ടികളുടെ പാർക്കിനും പഞ്ചായത്തിന്റെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയില്ല. പുഴ കയ്യേറി ജെണ്ട കെട്ടി തിരിച്ച് നടത്തുന്ന അനധികൃത ബോട്ട് സർവീസിന് ഇറിഗേഷൻ വകുപ്പ് സ്റ്റോപ്പ് മെമോയും നൽകിയിട്ടുണ്ട്. യാതൊരു സർക്കാർ അനുമതികളും ഇല്ലാതിരുന്നിട്ടും കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി നിള ബോട്ട് ക്ലബിന്റെ നിയമ ലംഘനങ്ങൾ ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ്.

വള്ളത്തോൾ നഗർ പഞ്ചായത്ത് അധികൃതരുടെ അറിവോടെ നടക്കുന്ന അനധികൃത നിലം നികത്തിലിനും ബോട്ട് ക്ലബ് പ്രവർത്തനത്തിനും വില്ലേജ് ഓഫീസർ രണ്ട് വട്ടമാണ് സ്റ്റോപ്പ് മെമോ നൽകിയത്. കൃഷി വകുപ്പ് അന്വേഷണം നടത്തി നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചതായി കണ്ടെത്തി. നിലവിൽ താൽക്കാലിക കെട്ടിടം നിർമിച്ച് ബോട്ട് ക്ലബെന്ന പേരിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇവിടെ റിസോർട്ട് നിർമാണമാണ് നടക്കുന്നതെന്ന് ജനപ്രതിനികളും പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നു. ഷൊർണ്ണൂർ - ചെറുതുരുത്തി മേഖലയിലെ പതിനായിരക്കണക്കിന് ജനങ്ങൾ കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഭാരതപ്പുഴയെയാണ്. നിരവധി കുടിവെള്ള പദ്ധതികൾ പുഴയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ പുഴവെള്ളം പൂർണമായും മലിനമാക്കും വിധമാണ് നിള ബോട്ട് ക്ലബ് നടത്തുന്ന അനധികൃത ബോട്ട് സർവീസുകളെന്നും ആരോപണമുണ്ട്.

നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ബോട്ട് ക്ലബിനെതിരെ മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാർക്കും തൃശൂർ ജില്ലാ കളക്ടർക്കും, ജനപ്രതിനിധികളുൾപ്പടെയുള്ളവർ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ തലപ്പിള്ളി താലൂക്ക് ഓഫീസർ നിയമലംഘനങ്ങൾ വ്യക്തമാക്കി റിപ്പോർട്ടും കൈമാറി. എന്നിട്ടും നിള ബോട്ട് ക്ലബിന്റെ പ്രവർത്തനം നിർത്തിവയ്ക്കാത്തതിന് പിന്നിൽ വിവിധ രാഷ്ട്രീയ നേതാക്കളുടെ സഹായവും ബോട്ട് ക്ലബ് ഉടമകളുടെ ഉന്നത സ്വാധീനവുമാണ് കാരണമെന്ന് പരാതിക്കാർ ആരോപിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com