സഹായ പട്ടികയിൽ നിന്ന് ഒഴിവാക്കി; എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിലേക്ക്

സർക്കാർ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരത്തിനൊരുങ്ങുന്നതെന്ന് ദുരിത ബാധിതർ പറഞ്ഞു
സഹായ പട്ടികയിൽ നിന്ന് ഒഴിവാക്കി; എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിലേക്ക്
Published on

സർക്കാർ സഹായം തേടി എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്. സർക്കാർ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരത്തിനൊരുങ്ങുന്നതെന്ന് ദുരിത ബാധിതർ പറഞ്ഞു.

2017ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും ദുരിത ബാധിതരായി കണ്ടെത്തിയ 1031 പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാലര മാസം ഇവര്‍ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമരം നടത്തിയിരുന്നു. കാഞ്ഞങ്ങാട് മണ്ഡലം എംഎൽഎയും മുൻമന്ത്രിയുമായ ഇ ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ അഞ്ച് എംഎൽഎമാർ മുഖ്യമന്ത്രിയുടെ മുമ്പിൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയില്‍ അനുകൂലമായ നടപടി ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കിന് പിന്നാലെയാണ് സമരം നിർത്തിവെച്ചത്. എന്നാൽ നടപടികളൊന്നും ഉണ്ടാകാതെ വന്നതോടെയാണ് അമ്മമാരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ സമരസമിതി തീരുമാനിച്ചത്.

സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു 1031 ദുരിതബാധിതരെ സഹായ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് നിയമസഭയിൽ പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ആദ്യ പ്രതിഷേധം എന്ന നിലയിൽ ജൂലൈ 17 ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. 2017ലെ മെഡിക്കൽ ക്യാമ്പിൽ നിന്നും കണ്ടെത്തിയ 1905 പേരിൽ നിന്ന് ആദ്യം 287 പേരെയും പിന്നീട് നടത്തിയ സമരങ്ങളെ തുടർന്ന് 587 പേരെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ബാക്കി വന്ന 1031 പേർ പട്ടികയിൽ ഉൾപ്പെടേണ്ടവരാണെന്നും അവരെ ഒഴിവാക്കാനുള്ള തീരുമാനം പട്ടിക അട്ടിമറിക്കുന്നതിന് തുല്യമാണെന്നുമാണ് സമരസമിതിയുടെ പക്ഷം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com