
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. സിപിഐഎമ്മിനെയും മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതിപ്പട്ടികയിൽ ചേർത്ത്, പാർട്ടിയെ വെട്ടിലാക്കികൊണ്ടാണ് ഇഡി കുറ്റപത്രം. അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷയാണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
എം.എം. വർഗീസും, എ.സി. മൊയ്തീനും, കെ. രാധാകൃഷ്ണൻ എംപിയും ഉൾപ്പെടെ എട്ട് രാഷ്ട്രീയ പ്രവർത്തകരാണ് അന്തിമ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. പുതുതായി ചേർത്ത 27 പേരുൾപ്പെടെ ആകെ 83 പ്രതികൾ പട്ടികയിലുണ്ട്. തട്ടിപ്പ് വഴി പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ സ്വത്തിൽ നിന്നും 128 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.
2011-12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കരുവന്നൂർ ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തിയെന്നത് ആയിരുന്നു കേസ്. ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. സിപിഐഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആയിരുന്നു ആദ്യ കേസ്. 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യ നിഗമനം. സഹകരണ വകുപ്പിന്റെ രണ്ടാം അന്വേഷണത്തിൽ 125.84 കോടിയുടേതാണ് ക്രമക്കേടെന്ന് കണ്ടെത്തുകയായിരുന്നു.