
2025 ഐപിഎൽ സീസൺ താത്ക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇത് സംബന്ധിച്ച് ചർച്ച നടത്താൻ തയ്യാറാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഗൗൾഡ് അറിയിച്ചു.
ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിന് പിന്നാലെ ശേഷിക്കുന്ന മത്സരങ്ങൾ നിലവിൽ താൽക്കാലികമായി ഒരാഴ്ചത്തേക്കാണ് നിർത്തിവെച്ചിരിക്കുന്നത്. പതിനാറ് മത്സരങ്ങൾ കൂടിയാണ് സീസണിൽ ഇനി നടക്കാൻ ബാക്കിയുള്ളത്. ജൂൺ 20ന് ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുൻപ് യു.കെയിൽ വെച്ച് ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ നടത്താമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോഗൻ നിർദേശിച്ചിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ബിസിസിഐ നേതൃത്വം ഉന്നതതല യോഗത്തിന് ശേഷമാണ് മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനമായത്. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് വേദികളുടെ മാറ്റം ഉൾപ്പെടെയുള്ള വിവിധ ഓപ്ഷനുകളും ആലോചിച്ചിരുന്നു. മിക്ക ഫ്രാഞ്ചൈസികളുടെയും കളിക്കാരുടെയും ആശങ്കയും വികാരങ്ങളും പ്രക്ഷേപകരുടെയും സ്പോൺസർമാരുടെയും ആരാധകരുടെയും അഭിപ്രായങ്ങളും അറിയിച്ചതിനെ തുടർന്ന്, എല്ലാ പ്രധാന പങ്കാളികളുമായും കൂടിയാലോചിച്ച ശേഷമാണ് ഐപിഎൽ ഗവേണിംഗ് കൗൺസിൽ ഈ തീരുമാനം എടുത്തതെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു.