"മണിപ്പൂരിലെ എല്ലാ റോഡിലും ജനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനാകണം"; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി അമിത് ഷാ

റോഡുകളിൽ തടസങ്ങൾ സൃഷ്ടിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും അമിത് ഷാ ഉത്തരവിട്ടു
"മണിപ്പൂരിലെ എല്ലാ റോഡിലും ജനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനാകണം"; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി അമിത് ഷാ
Published on

മണിപ്പൂരിലെ റോഡുകളിൽ ജനങ്ങൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാർച്ച് എട്ട് മുതൽ ജനങ്ങൾക്ക് സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കണം എന്ന് അമിത് ഷാ സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്.

മണിപ്പൂരിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സഹായവും നൽകുന്നതിനും കേന്ദ്രസർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണ്. റോഡുകളിൽ തടസങ്ങൾ സൃഷ്ടിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും അമിത് ഷാ ഉത്തരവിട്ടു. മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

അതിർത്തി സുരക്ഷ വർധിപ്പിക്കുന്നതിന്, മണിപ്പൂരിൻ്റെ അന്താരാഷ്ട്ര അതിർത്തിയിലെ പ്രവേശന പോയിൻ്റുകളുടെ ഇരുവശങ്ങളിലും ഫെൻസിങ് ജോലികൾ വേഗത്തിലാക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിനെ ലഹരി മുക്തമാക്കാൻ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട മുഴുവൻ ശൃംഖലയും പൊളിച്ചെഴുതണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ന്യൂ ഡൽഹിയിലെ ആഭ്യന്തര മന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് ശേഷം അമിത് ഷായുടെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സുരക്ഷാ അവലോകന യോഗമാണിത്. ഫെബ്രുവരി 13ന് എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com