'ഏതെങ്കിലും പ്രസ്താവനയ്ക്കല്ല, ഒരു വ്യക്തിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിലാണ് എനിക്കെതിരെ കേസ്'; മേധ പട്കര്‍ സംസാരിക്കുന്നു

പരിസ്ഥിതി പ്രശ്നങ്ങള്‍, കോടതിവിധി, ബിജെപിയുടെ മൂന്നാം ഭരണത്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ദീര്‍ഘസംഭാഷണം
മേധ പട്കര്‍
മേധ പട്കര്‍
Published on

കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യര്‍ക്കും, പ്രകൃതിക്കും വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടങ്ങൾ, 40 വർഷമെത്തുന്ന, ഇന്ത്യ കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായ നർമദ ബച്ചാവോ ആന്ദോളൻ, ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ട വാക്കുകള്‍-ചോദ്യങ്ങൾ, സത്യഗ്രഹ സമരങ്ങൾ. മേധ പട്കർ നടന്നു കയറിയ വഴികളത്രയും അനീതിക്കെതിരായ സന്ധിയില്ലാ സമരങ്ങളുടേതായിരുന്നു. ജീവിത സമരങ്ങളെക്കുറിച്ച്, രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ച് മേധ പട്കർ ന്യൂസ് മലയാളത്തോട് സംസാരിക്കുന്നു.

പാരിസ്ഥിതിക വിഷയങ്ങളിലെ പോരാട്ടങ്ങളിലേക്ക് മേധാ പട്കർ എങ്ങനെയാണ് എത്തിച്ചേര്‍ന്നത്?

പാരിസ്ഥിതിക പ്രശ്നം എന്ന നിലയിലല്ല, ജനങ്ങളുടെ പ്രശ്നം എന്ന നിലയിലാണ് ഇതിലേക്ക് കടന്നുവരുന്നത്. ഗുജറാത്തിലെ വടക്കുകിഴക്കൻ മേഖലകളിൽ ആദിവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സമയത്താണ് നർമദ മേഖലയിലെ വിഷയങ്ങളെക്കുറിച്ച് അറിയുന്നത്. ഗോത്രവിഭാഗങ്ങളുടെ ജീവിതത്തിലേക്ക്, പരിസ്ഥിതിയിലേക്ക് പുറത്തു നിന്നുള്ളവരുടെ കടന്നുകയറ്റം അതായത്, അവരുടെ സ്ഥലം കയ്യേറുന്നു മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, ജലസ്രോതസ് നശിപ്പിക്കുന്നു. ഇത്തരത്തിൽ ഗോത്ര വിഭാഗങ്ങൾ, പ്രത്യേകിച്ച് പരിസ്ഥിതിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിത സാഹചര്യങ്ങളെത്തന്നെ ഇല്ലാതാക്കുന്ന പ്രവർത്തികൾ നടക്കുന്നു. അതിനെ കടന്നുകയറ്റം എന്നല്ല, ആക്രമണം എന്നു തന്നെ പറയാം. അവർക്ക് മാത്രമല്ല, പരിഷ്കൃതരെന്ന് പറയുന്ന സമൂഹത്തിനും പരിസ്ഥിതി വിഭവങ്ങൾ ആവശ്യമാണ്.ഏത് വിഭാഗത്തിൽ പെടുന്നവരായാലും മനുഷ്യർക്ക് പരിസ്ഥിതിയിൽ നിന്ന് അകന്നു ജീവിക്കാനാകില്ല. അത് തിരിച്ചറിഞ്ഞാണ് പാരിസ്ഥിതിക വിഷയങ്ങളിലേക്ക് കൂടുതൽ ഇടപെടാൻ തുടങ്ങിയത്.

നർമദ ബച്ചാവോ ആന്ദോളൻ... നിലവിലെ സ്ഥിതി എന്താണ്? ഭാവി പരിപാടികള്‍ എങ്ങനെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്?

നര്‍മദ മാത്രമാല്ല പ്രശ്നം. സർദാർ സരോവർ ഡാമും അതിൻ്റെ പരിസരവുമായി ബന്ധപ്പെട്ടു നിൽക്കുന്ന നിരവധി പാരിസ്ഥിക പ്രശ്നങ്ങളുണ്ട്. അതെല്ലാം ഈ മൂവ്മെൻ്റിൻ്റെ ഭാഗമാണ്. ഇതിൽ പ്രധാനമായും വരുന്ന ചോദ്യം ഇത്തരം പദ്ധതികളിൽ ആർക്കാണ് ലാഭം, ആർക്കാണ് നഷ്ടം എന്നതാണ്. നഷ്ടം മുഴുവൻ പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന സമൂഹത്തിനും, നേട്ടം മുഴുവൻ പുറത്തുനിന്നെത്തുന്ന വൻകിടക്കാർക്കുമാണെന്ന് കാണാം. ഇവിടെ എടുത്തു പറയേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന് പാരിസ്ഥിക പ്രശ്നം രണ്ട്, പരിസ്ഥിതിയോട് ചേർന്നു നിൽക്കുന്ന മനുഷ്യർ നേരിടുന്ന പ്രശ്നം.അതിൽ കുടിയൊഴിപ്പിക്കലാണ് പ്രധാനം. മറ്റൊന്ന് സാമ്പത്തിക വശമാണ്. ഇതെല്ലാം അഭിസംബോധന ചെയ്യേണ്ടതാണ്. കൃഷ്ണ, കാവേരി തുടങ്ങി എല്ലാ നദികളിലേയും അണക്കെട്ടുകൾ നിർമിക്കുമ്പോൾ സമാന പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ചും ആദിവാസികൾ ഉൾപ്പെടെ ജനവിഭാഗങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ഹരിത ട്രൈബ്യൂണൽ പോലും കാര്യമായ ഇടപെടൽ നടത്തിയതായി കാണാനാകില്ല. ഇത്തരം സാഹചര്യങ്ങളിൽ ഇതുപോലുള്ള മൂവ്മെൻ്റുകളാണ് വഴികാട്ടുന്നത്.

ഇതിനോടകം നിരവധിപ്പേർ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു. അതിൽ ഒരു വിഭാഗം ആളുകളെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല. ഈ വിഷയങ്ങളെ നർമദ മൂവ്മെൻ്റ് അഭിസംബോധന ചെയ്തു. എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഞങ്ങൾ ചോദ്യങ്ങൾ ചേദിച്ചു. അത് വെറും പരാതികളായിരുന്നില്ല. ലോകത്തിലെ അണക്കെട്ടുക്കളെക്കുറിച്ചും, അവയുണ്ടാക്കുന്ന സാമ്പത്തിക, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും പഠിക്കുന്ന ആഗോള സ്വതന്ത്ര സംഘടനയായ വേള്‍ഡ് കമ്മീഷന്‍ ഓഫ് ഡാംസിൽ പ്രവർത്തിച്ചിട്ടുണ്ട്. ആമസോൺ നദി, പാകിസ്ഥാനിലെ മംഗള, ടർബേല ഡാം, ചൈനയിലെ ത്രി ഗോർജസ് ഡാം എന്നിങ്ങനെ ആഗോള തലത്തിൽ തന്നെ പഠനം നടത്തിയിരുന്നു. അതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഈ വിഷയങ്ങളെ ചോദ്യമായി ഉയർത്തിയത്. ഇതൊരു ചെറിയ പ്രശ്നമായി തോന്നാം. പക്ഷെ, അതിന് വളരെയധികം പ്രാധാന്യമുണ്ട്. നർമദയിൽ മാത്രമല്ല ഇന്ത്യയാകെ, അല്ലെങ്കിൽ ലോകം മുഴുവനും. അതുകൊണ്ടുതന്നെ ഞങ്ങൾ ചോദ്യം ചെയ്തു. പിന്നീട് അത് സമരങ്ങളായി, ജല സത്യഗ്രഹം പോലുള്ള പ്രഷേധങ്ങളിലേക്ക് കടന്നു. ഇനിയും അത് തുടരുക തന്നെ ചെയ്യും.

മധ്യപ്രദേശിലെ പുനരധിവാസം സാധ്യമാകാത്ത ജനങ്ങളുടെ ജീവിതം ഇപ്പോൾ ഏത് വിധത്തിലാണ്?

കുറേയധികം ആളുകളെ ഇതിനോകം പുനരധിവസിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലും, ഗുജറാത്തിലും വിവിധയിടങ്ങളിലായി പുനരധിവാസ കേന്ദ്രങ്ങൾ തയ്യാറാക്കിയിരുന്നു. മധ്യപ്രദേശിൽ 83, ഗുജറാത്തിൽ 350ൽ അധികം, മഹാരാഷ്ട്രയിൽ 14 ഓളവും പുനരധിവാസ കേന്ദ്രങ്ങളുണ്ട്. പക്ഷെ, ഇപ്പോഴും പുനരധിവസിപ്പിക്കാത്ത വിഭാഗങ്ങളുണ്ട് പദ്ധതിപ്രദേശത്തും സമീപത്തും. 2014ൽ മോദി സർക്കാർ ഈ ഡാം പൂർത്തിയാക്കാൻ തീരുമാനമെടുത്തു. 31000 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് എങ്ങനെ പദ്ധതി പൂർത്തിയാക്കുമെന്ന് മാത്രം ആലോചിച്ചില്ല. 2019ൽ തന്നെ പ്രദേശത്ത് നിരവധി കുടുംബങ്ങൾ വെള്ളത്തിനടിയിലായി. കൃഷിസ്ഥലം നഷ്ടപ്പെട്ട കർഷകർക്ക് പകരം ലഭിച്ച സ്ഥലം പോലും വളരെ മോശം നിലവാരത്തിലുള്ളതായിരുന്നു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കൃത്യമായ ഉപജീവന മാർഗം പോലും കണ്ടെത്തി നൽകാതെ അധികൃതർ ഫയലുകൾ അടച്ചു. ഇതെല്ലാം നർമദ മൂവ്മെൻ്റിലൂടെ തുറന്നു കാട്ടി. ഇതിൽ സങ്കടപ്പെടുത്തുന്ന കാര്യം എന്താണെന്നു വെച്ചാല്‍ അധികൃതരോ, സർക്കാരുകളോ ഇന്നും കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നതാണ്. മധ്യപ്രദേശിലും, ഗുജറാത്തിലും, മഹാരാഷ്ട്രയിലും ജനങ്ങൾ, പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങൾ പുനരധിവാസത്തിനായി പോരാട്ടത്തിലാണ്. അവർ ഏറെയായി വളരെ മോശപ്പെട്ട സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്.

സമരങ്ങളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനത്തെ ഏതു തരത്തിലാണ് നോക്കിക്കാണുന്നത്?

നേരത്തെ സൂചിപ്പിച്ചത് പോലെ, സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളിൽ നമ്മൾ എന്തെങ്കിലും ചോദ്യങ്ങൾ ഉന്നയിച്ചാൽ അല്ലെങ്കിൽ ഗുണഭോക്തൃ മേഖലയിലെ നീതിപൂർവമായ വീതംവെപ്പിനെപ്പറ്റി സംസാരിച്ചാൽ, ഗുജറാത്തും സർദാർ സരോവരും പോലെയുള്ള വിഷയങ്ങളിൽ ഈ ചോദ്യങ്ങൾ ഉന്നയിച്ചാൽ, അവർ പറയും നിങ്ങൾ വികസന വിരുദ്ധരും രാജ്യ വിരുദ്ധരുമാണെന്ന്. കുറച്ചു ദശാബ്ദങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല അവസ്ഥ. പ്രധാനമന്ത്രി വരെ ഇത്തരം പാരിസ്ഥിതിക വിഷയങ്ങളിൽ സൂക്ഷ്മബോധം വെച്ചു പുലർത്തുന്ന ആളാണ് എന്നതിൻ്റെ ഒരു ഉദാഹരണമാണ്, കേരളത്തിൽ സൈലന്റ് വാലി ഡാം പദ്ധതി നിർത്തലാക്കിയത്. കഴിഞ്ഞ 39 വർഷത്തെ ഞങ്ങളുടെ പോരാട്ടത്തിൽ ഒരുവിധം എല്ലാ പ്രധാനമന്ത്രിമാരും ഞങ്ങളോടൊപ്പം ഇരുന്ന്, ഞങ്ങളെ കേട്ടു, ഇപ്പോൾ അധികാരത്തിലിരിക്കുന്ന ഒരാളൊഴിച്ച്.

പരിസ്ഥിതി വിഷയങ്ങളിൽ സൂക്ഷ്മമായ ബോധം ഉണ്ടായിരിക്കുകയാണ് വേണ്ടത്. പരിസ്ഥിതി നിയമങ്ങൾ ഇല്ലാതെയാക്കുമ്പോൾ ഇവർ ആലോചിക്കേണ്ടത് ഈ നിയമങ്ങൾ എങ്ങനെ നിലവിൽ വന്നുവെന്നാണ്. അതെപ്പോഴും ജനങ്ങളുടെ പോരാട്ടത്തിലൂടെയായിരുന്നു. അങ്ങനെയാണ് തൊഴിൽ, പരിസ്ഥിതി നിയമങ്ങളെല്ലാം വന്നത്. ആ നിയമങ്ങളിൽ ഇപ്പോൾ വെള്ളം ചേർക്കപ്പെട്ടു. ആദിവാസികളുടെ വോട്ടു പോകുമോ എന്ന ഭയം അവർക്കുണ്ട്. പക്ഷെ 1980ലെ വന സംരക്ഷണ നിയമം അവർ മാറ്റി. അതെങ്ങനെ സാധിക്കും. അവസാനം സുപ്രീംകോടതി ഈ ഭേദഗതികൾ ഭരണഘടനാവിരുദ്ധം എന്നുപറഞ്ഞു തള്ളി. ആഗോള ഉച്ചകോടികളിൽ വന സംരക്ഷണത്തിനെപ്പറ്റി സംസാരങ്ങൾ ഉണ്ടാകുന്നു. കോടിക്കണക്കിനു ഫണ്ടുകൾ പ്രഖ്യാപിക്കുന്നു. പക്ഷെ ലക്ഷത്തിനു മുകളിൽ വനം നശിപ്പിക്കപ്പെടുന്നുണ്ട്. ഇങ്ങനെ ആദിവാസികളും പ്രകൃതിയോടു മമതയുള്ള എല്ലാവരും ചോദ്യം ചെയ്യുന്നു. അപ്പോൾ അവർ, നമ്മൾ രാജ്യ വിരുദ്ധരാണെന്ന് പറയുന്നു. ഞങ്ങൾ പറയുന്നത് മരങ്ങളും വനങ്ങളും സാരക്ഷിക്കണമെന്നാണ്. പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കേണ്ട എന്നല്ല. വിഭവങ്ങൾ സുസ്ഥിരമായി ഉപയോഗിക്കണമെന്നാണ്. അതാരും കേൾക്കുന്നില്ല.

ബാധിക്കപ്പെട്ടവർക്ക് നീതി ലഭിക്കണം. സാങ്കേതിക വിദ്യയുടെ ശരിയായ തിരഞ്ഞെടുപ്പിലൂടെ അത് സാധ്യമാവും. പ്രൊജക്റ്റുകൾ അനുവദിക്കുന്നതും, നിർഹിക്കുന്നതും ശരിയായി നടത്തിയാൽ അത് സാധ്യമാവും. ജനാധിപത്യത്തിന്റെ തൂണുകളായ സർക്കാരും ജുഡീഷ്യറിയും ഉദ്യോഗസ്ഥരും ഈ സേവനങ്ങൾ, പദ്ധതികൾ എല്ലാം നീതിപൂർവം നടപ്പിലാക്കിയാലേ ഇത് സാധ്യമാവൂ. ഒരുപാട് അതിക്രമങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഒരുപാട് ഭരണഘടനാ ലംഘനങ്ങൾ കാണാൻ സാധിക്കും. പാർലമെൻ്റിൽ ചർച്ചകളില്ലാതെയാണ് ഇപ്പോൾ നിയമങ്ങൾ ഭേദഗതി ചെയ്യപ്പെടുന്നത്. നമ്മൾ ഗ്രാമസഭകളിൽ ആശ്രയിക്കണം. അതാണ് ജനങ്ങളുടെ പാർലമെന്റ്. അതിന് പ്രാധാന്യം നൽകേണ്ടതുണ്ട്. അവർ പറയുന്നത് കേൾക്കേണ്ടതുണ്ട്.

ആദ്യഘട്ടത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ... ലോകമെമ്പാടുമുള്ള നവസാമൂഹിക പ്രസ്ഥാനങ്ങളിൽ നിന്ന് ഇപ്പോൾ ഏതു രീതിയിലാണ് പിന്തുണ ലഭിക്കുന്നത്?

പ്രമുഖരായ ആളുകളോടൊപ്പമാണ് ആദ്യകാലത്ത് ജോലിചെയ്തു തുടങ്ങിയത്. ആ സമയത്തു തന്നെ നർമദ വിഷയത്തെക്കുറിച്ച് കേട്ടിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന ചിലരോടൊപ്പം പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. രണ്ടു മാസത്തോളം ആ പ്രദേശങ്ങളിൽ ഇറങ്ങി നടന്ന് പഠനം നടത്തി. ഇത്തരം പദ്ധതികളുടെ ഭാഗമായി കുടിയിറക്കപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ അവരുടെ പരാതികൾ കേൾക്കാൻ അധികൃതർ തയ്യാറാകുന്നില്ല എന്ന ദുഃഖസത്യമാണ് അന്ന് തിരിച്ചറിഞ്ഞത്. സാധാരണ ജനങ്ങളുടെ പരാതികൾ മാത്രമല്ല, പരിസ്ഥിതി പ്രവർത്തകരുടേയോ, മറ്റു വിദഗ്ദരുടേയോ അഭിപ്രായങ്ങൾ പോലും പരിഗണിക്കാതെ ഏകപക്ഷീയമായ പഠനങ്ങൾ വച്ചാണ് സർക്കാരുകൾ പ്രവർത്തിക്കുന്നത്. അതൊരു വലിയ പ്രതിസന്ധിയാണ്. സർക്കാരുകൾ മുൻകൈയെടുത്തു നടത്തുന്ന പഠനങ്ങളിൽ, ജലസ്രോതസുകളെപ്പറ്റിയോ, പദ്ധതികളുടെ സാമൂഹിക വശങ്ങളെപ്പറ്റിയോ, മറ്റു പ്രത്യാഘാതങ്ങളെപ്പറ്റിയോ പ്രതിപാദിക്കാറില്ല. മാത്രവുമല്ല, വിവരാവകാശ നിയമത്തിൻ്റെ സാധ്യതകൾ അന്ന് ഉണ്ടായിരുന്നില്ല, എങ്കിലും ചില ചോദ്യങ്ങൾ ഞങ്ങൾ ഉയർത്തുകയായിരുന്നു.

മറ്റൊന്ന് ഭാഷയുടെ പ്രശ്നമായിരുന്നു. പ്രദേശവാസികളുടേയും, ആദിവാസികളുടേയും കാര്യങ്ങളെ പഠിക്കുമ്പോൾ ഭാഷ ഒരു വെല്ലുവിളിയായിരുന്നു. ആ ഘട്ടത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി സഹപ്രവർത്തകർ സഹായത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതൊരു ഗ്രാസ് റൂട്ട് മൂവ്മെൻ്റ് അല്ല മാസ് റൂട്ട് മൂവ്മെൻ്റ് എന്ന നിലയിൽ കാണുവാനാണ് താൽപര്യം. അതിലെ ജനപങ്കാളിത്തം തെളിവാണ്. ആശയങ്ങൾ പഠിക്കുന്നത് പോലെയല്ല, ആളുകളിലേക്കിറങ്ങി അവരുടെ പ്രശ്നങ്ങളെയും, പ്രാദേശിക വിഷയങ്ങളേയും പഠിക്കുക എന്നത്. തീർച്ചയായും അതൊരു വലിയ തിരിച്ചറിവ് തന്നെയാണ് തരുന്നത്.

ഈ വിഷയങ്ങളെ തിരിച്ചറിഞ്ഞ് ലോകബാങ്ക് പ്രതിനിധികൾ പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയ സമയത്ത് സർക്കാർ പ്രതിനിധികൾ വിവരങ്ങൾ അവർക്കനുകൂലമായ രീതിയിലാണ് വിവർത്തനം ചെയ്തു നൽകിയത്. അത് ഒരുതരത്തിൽ പറഞ്ഞാൽ തെറ്റിദ്ധരിപ്പിക്കലാണ്. അതിനെ തുറന്നു കാട്ടാൻ ശ്രമിച്ചിട്ടുണ്ട്. ദരിദ്രരായ ജനങ്ങളെ വെറും വോട്ടു ബാങ്കുകളായി കാണുകയും, കോർപ്പറേറ്റുകളെ അനകൂലിക്കുകയും ചെയ്ത് ഗവൺമെൻ്റ് ഈ മൂവ്മെൻ്റിനോട് മുഖം തിരിച്ചപ്പോഴും, ഇന്ത്യയിലെയും ആഗോളതലത്തിലും ഏറെപ്പേർ ഇതിനെ പിന്തുണച്ചിട്ടുണ്ട്.

നർമദ ബച്ചാവോ ആന്ദോളന് ചില നല്ല ഫലങ്ങൾ ഉണ്ട്. സർദാർ സരോവറിൽ നിന്ന് ലോകബാങ്ക് പിന്മാറി, സുപ്രീം കോടതി ആന്ദോളന് അനുകൂലമായി വിധിച്ചു, മഹേശ്വര്‍ അണക്കെട്ടിൽ നിന്ന് വിദേശ നിക്ഷേപകർ പിന്മാറി തുടങ്ങി. ഈ പദ്ധതികൾക്കെല്ലാം അന്താരാഷ്ട്ര ഫണ്ടിംഗ് ഉണ്ട്. ലോകബാങ്ക്, ഐഎംഎഫ്, ഫ്രഞ്ച്-ജപ്പാൻ-ചൈന ബാങ്കുകളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച നിരവധി ഡാം പദ്ധതികൾ. ഇതൊരു അന്താരാഷ്ട്ര പ്രശ്നമാണ്, അന്താരാഷ്ട്ര തിരുത്തൽ ആവശ്യമാണ്. ഈ അന്താരാഷ്ട്ര പ്രശ്‌നങ്ങളെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്? ആന്ദോളൻ്റെ അടുത്ത ഘട്ടം എന്താണ്?

തുടക്കത്തിൽ തന്നെ മൂവ്മെൻ്റിന് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ പിന്തുണ വളരെ വലുതാണെന്ന് മനസിലാക്കിയിരുന്നു. ആദ്യഘട്ടത്തിൽ മതിയായ വിവരശേഖരണമോ, പഠനങ്ങളോ ഇല്ലാതെതെയാണ് ലോകബാങ്ക് പദ്ധതിയെ പിന്തുണച്ചത് എന്ന് ബോധ്യപ്പെടുത്തുവാനായി. അതിൻ്റെ ഫലമായി സർദാർ സരോവറിൽ നിന്ന് ലോകബാങ്ക് പിന്മാറി. സുപ്രീം കോടതി ആന്ദോളന് അനുകൂലമായി വിധിച്ചു, മഹേശ്വർ അണക്കെട്ടിൽ നിന്ന് വിദേശ നിക്ഷേപകർ പിന്മാറി തുടങ്ങി. അതെല്ലാം പോസിറ്റീവ് ആയ കാര്യങ്ങളാണ്. ഈ വിഷയത്തിൽ ചോദ്യങ്ങൾ ഉയർത്തിയതിനു പിന്നാലെ, ആഗോള തലത്തിൽ ചില സംഘടനകൾ ഈ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. അതെല്ലാം ലോകബാങ്കിനെ ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ലോകബാങ്ക് പ്രതിനിധികൾ തന്നെ വീണ്ടും ഇവിടെയെത്തി ചർച്ച നടത്തിയിരുന്നു. കൃത്യമായ പഠനമില്ലാതെ ലോകബാങ്ക് തന്നെ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകിയാൽ അത് പിന്തുടർന്ന് നിരവധി സംവിധാനങ്ങളിൽ നിന്ന് ഫണ്ടുകൾ എത്തുമെന്നകാര്യവും ലോകബാങ്കിനെ ബോധ്യപ്പെടുത്താനായി. ലോകബാങ്കിലെത്തുന്ന പണം ഏതു തരത്തിൽ വിനിയോഗിക്കുന്നുവെന്ന് മറ്റു രാജ്യങ്ങള്‍ ചോദ്യം ചെയ്തതും സഹായകമായിട്ടുണ്ട്.

ഈ മൂവ്മെൻ്റുമായി മുന്നോട്ടുപോകുമ്പോൾ അന്താരാഷ്ട്ര സംഘടനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ സാമ്പത്തിക സഹായം സ്വീകരിച്ചിട്ടില്ല. പിന്തുണ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. തുല്യത, നീതി, സുസ്ഥിര വികസനം, സോഷ്യലിസം എന്നിവ നേടിയെടുക്കുന്നതിനായി ഭരണഘടനയെ മുൻനിർത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ത്യയിലെ പല സംഘടനകളും ഈ ബഹുജന മുന്നേറ്റത്തിൻ്റെ ഭാഗമായി മാറിയിട്ടുണ്ട്.



ഇപ്പോഴത്തെ കോടതിവിധി, ശിക്ഷാ നടപടികള്‍ എന്നിവയെക്കുറിച്ച്? വർഷങ്ങൾ പഴക്കമുള്ള പരാമർശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുള്ള കേസുകളില്‍ അരുന്ധതി റോയ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുകളെടുക്കുന്ന ഭരണകൂടത്തിന്റെ പ്രതികാര നടപടികളെക്കുറിച്ച്?

ഒരു പ്രസ്താവനയുടെ പേരിലല്ല, ഒരു വ്യക്തിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിലാണ് എനിക്കെതിരെ കേസെടുത്തിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ ലെഫ്റ്റനന്റ് ഗവർണർ ആണ്. അദ്ദേഹം നൽകിയ സേവനങ്ങളുടെ പേരിലാണ് ആ പദവി ലഭിച്ചതെന്ന് പറയുന്നു. അതെന്തെന്ന് ആലോചിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഉയർത്തിയിരുന്നത്. കേസ് വൈകിപ്പിക്കുക, അവധിക്ക് വയ്ക്കുക, ജഡ്ജിമാരെ മാറ്റുക തുടങ്ങി പലതും നടക്കുന്നു. വൈകിയെത്തുന്ന നീതി, നീതി നിഷേധമാണ്. അന്തിമ വിധി ഇതുവരെ വന്നിട്ടില്ല. ഇപ്പോഴും നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ആൾ എന്ന നിലയ്ക്ക് കേസിൻ്റെ ശരിയായ ദിശയിലുള്ള നടത്തിപ്പ് മാത്രമാണ് ആവശ്യപ്പെടുന്നത്. ഈ സംഭവത്തിൽ അക്കാലത്ത് ഒരു കേസ് എടുക്കാൻ പറ്റാത്തതുകൊണ്ട് ഇപ്പോൾ എടുത്തു എന്നു വേണം കരുതാൻ. അരുന്ധതി റോയിയുടെ കാര്യത്തിൽ പറയുകയാണെങ്കിൽ ഇത്രയധികം അന്താരാഷ്ട്ര അവാർഡുകൾ വാങ്ങിയ ഇത്രയും അറിയപ്പെടുന്ന ഒരാളുടെ മേൽ UAPA ചുമത്തുക എന്നു പറഞ്ഞാൽ അത് ഗൗരവകരമായി ആലോചിക്കേണ്ട കാര്യമാണ്. ഇതിലൊക്കെ സ്ത്രീകൾക്ക് നേരെയുള്ള ഒരു ആക്രമണത്തിന്റെ സ്വഭാവം കൂടി കാണാൻ കഴിയും. ഇതുപോലെ നിരവധി നിരപരാധികൾ ജയിലിലടക്കപ്പെടുന്നു, ശിക്ഷ അനുഭവിക്കുന്നു. ഇങ്ങനെ ജയിലിൽ കിടക്കേണ്ടി വരുന്ന നിരപരാധികൾ, അവർക്ക് നഷ്ടപ്പെടുന്ന വർഷങ്ങൾ ഇതിനെല്ലാം ആരാണ് ഉത്തരം പറയേണ്ടത്?

ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ടെന്ന് തോന്നുന്നുണ്ടോ?

അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യയിൽ നിഷേധിക്കപ്പെടുന്നു എന്നത് സത്യമാണ്. സോഷ്യൽ മീഡിയയിൽ ഏത് കാര്യത്തെക്കുറിച്ചും അഭിപ്രായപ്രകടനം നടത്താം എന്നത് നിലനിൽക്കുമ്പോൾ തന്നെ, അതേ സോഷ്യൽ മീഡിയയിലൂടെ കോർപ്പറേറ്റ് വാദങ്ങളും രാഷ്ട്രീയവുമെല്ലാം പ്രചരിപ്പിക്കപ്പെടുന്നതും കാണേണ്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യയിൽ ഇന്ന് ഒരു പ്രത്യേക സാഹചര്യത്തിലാണ് നിൽക്കുന്നത്. അത് ഹനിക്കപ്പെടുന്നുണ്ട് എന്ന് തന്നെ പറയാം. ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ല എന്നുമാത്രം പറയുന്നു.




മോദിയുടെ മൂന്നാമത് വിജയത്തുടർച്ച രാജ്യത്തിനൊരു വെല്ലുവിളിയാണോ? ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ ജനങ്ങൾ വർഗീയ രാഷ്ട്രീയത്തിൽ നിന്ന് തിരിച്ചുനടക്കുന്നതായി കരുതുന്നുണ്ടോ?

ഏതു പാർട്ടി ആയാലും ജനങ്ങൾ അതിൽ ആകൃഷ്ടരായി പോകുന്നത് സ്വാഭാവികമാണ്. റാമോ റഹിമോ എന്ന ദ്വന്ദത്തേക്കാൾ കുറെ വർഷങ്ങളായി ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം സമത്വമില്ലായ്മയാണ്. അത് ബിജെപി ആയാലും ഏത് പാർട്ടി ആയാലും ആളുകൾ അതിൽ ഭ്രമിച്ചു പോകാം. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, ആദിവാസികളെ ഉൾപ്പെടെ പ്രശ്നത്തിലാക്കുന്ന വിഭവങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഇതെല്ലാം കഴിഞ്ഞ കുറെ വർഷങ്ങളായുള്ള ഭരണത്തിൻ കീഴിൽ വന്നുചേർന്നിട്ടുണ്ട്. മറ്റൊരു പ്രശനം കർഷകരുടേതാണ്. അവർക്ക് താങ്ങു വില ഉൾപ്പെടെ കാര്യങ്ങളില്‍ പ്രഖ്യാപിച്ച പിന്തുണ നൽകുക എന്നതിനൊന്നും കഴിയാത്ത സർക്കാരാണ് ഇപ്പോഴുള്ളത്. കേരളത്തിൽ അതിൽ വ്യത്യാസം കണ്ടിട്ടുണ്ട്. പക്ഷെ മറ്റു സംസ്ഥാനങ്ങൾ ഇപ്പോഴും മുന്നോട്ടു പോയിട്ടില്ല. അയോധ്യയിൽ തന്നെ ഇപ്പോൾ പറഞ്ഞു പ്രചരിപ്പിക്കുന്ന കാര്യങ്ങളല്ല നടക്കുന്നത്. അവിടുത്തെ യാഥാർഥ്യം വേറെയാണ്. അവിടെ ജനങ്ങൾക്കിടയിൽ ജാതിമത പ്രശ്നങ്ങൾ പുറത്തു പറയുന്ന തരത്തിൽ ഇല്ല. ആ നാട്ടിലെ ഹിന്ദു മുസ്ലീം വിഷയങ്ങളെ പാർട്ടിയും സർക്കാരും വേറെ തരത്തിൽ ചിത്രീകരിക്കുകയാണ്. ഈ പറയുന്ന സർക്കാർ ഇന്ത്യൻ കോർപ്പറേറ്റുകൾക്കും ആഗോള കോർപ്പറേറ്റുകൾക്കും പിന്തുണ നൽകുമ്പോൾ കർഷകന് കൊടുക്കുന്ന പിന്തുണ വളരെ കുറവാണെന്ന് കാണാൻ പറ്റും. അതുകൊണ്ടുതന്നെ പാർലമെൻ്റിനകത്തും പുറത്തും ഒരു പ്രതിപക്ഷം ഉയർന്നു വരേണ്ടത് അത്യാവശ്യമാണ്. എല്ലാവർക്കും മതേതര മൂല്യങ്ങളിൽ ഉറച്ചുനിൽക്കാൻ അവകാശമുണ്ട്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനുള്ള സാഹചര്യം ഉണ്ടാകണം. സെക്കുലറിസം സോഷ്യലിസം എന്നിവ 1924ലാണ് ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതെങ്കിൽ പോലും, ഈ ആശയങ്ങൾ നേരത്തെ തന്നെ ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്ക്കർ ഭരണഘടനയുടെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. നമ്മൾ പിന്തുടരേണ്ടത് മതാധിഷ്ഠിത രാഷ്ട്രീയമല്ല. ജാതി അധിഷ്ഠിത രാഷ്ട്രീയമല്ല, ജാതി രഹിത രാഷ്ട്രീയത്തിനു വേണ്ടിയാണ് പോരാടേണ്ടത്. പാർട്ടികൾ സ്ഥാനാർഥികളെ നിർത്തുമ്പോഴും സർക്കാരിന്റെ ഇടപെടലിലുമൊക്കെ ജാതി സംവിധാനമാണ് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്. സോഷ്യലിസം, സെക്കുലറിസം എന്നുതുടങ്ങി മതേതര മൂല്യങ്ങൾ മുറുകെപ്പിടിച്ചു ജീവിക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരൊക്കെ കൂടെ നിന്നാലും ഇല്ലെങ്കിലും അതിനു വേണ്ടി പോരാടും.

ഇത്തരം പാരിസ്ഥിക സമരങ്ങളെ ഏറ്റെടുക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളും കേരളവും തമ്മിൽ എത്രത്തോളം വ്യത്യാസം തോന്നിയിട്ടുണ്ട്. കേരളവുമായി ബന്ധപ്പെട്ടുള്ള അനുഭവം?

കേരളത്തിൽ പലതവണ വന്നിട്ടുണ്ട്. പ്രമുഖരായ പല വ്യക്തികള്‍ക്കൊപ്പം പ്രവർത്തിക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളോട് താരതമ്യപ്പെടുത്തി പറഞ്ഞാൽ പൊതുവായ ചില ഘടകങ്ങളുണ്ട് . അതുപോലെ തന്നെ ചില വ്യത്യാസങ്ങളുമുണ്ട്. ആശ്വാസകരമായ കാര്യം എന്തെന്നാൽ, കേരളത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉൾപ്പെടുത്തി ചോദ്യങ്ങൾ ചോദിച്ചാൽ അത് കേൾക്കുന്നതിനെങ്കിലും സർക്കാർ താൽപര്യം കാണിക്കുന്ന സ്ഥിതിയുണ്ട് എന്നതാണ്. നടപടിയുണ്ടാകുന്നുവോ എന്നത് വേറെ കാര്യം. സിൽവർ ലൈൻ പോലുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും ജനങ്ങൾക്ക് കഴിയുന്നുവെന്നതും. അത് ഭരണപക്ഷത്തും, പ്രതിപക്ഷത്തും ചർച്ച ചെയ്യുന്നിടം വരെ എത്തുന്നുവെന്നതും വലിയ കാര്യം തന്നെയാണ്.

1895ൽ നിർമിച്ച കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ഒരു തർക്കം നിലവിലുണ്ട്. കേരളവും, തമിഴ്നാടും തമ്മിൽ നേർക്കുനേർവരുന്ന ഈ വിഷയത്തിൽ എന്താണ് പറയാനുള്ളത്?

വളരെ ഗൗരവമേറിയ പ്രശ്നമാണത്. എല്ലാ പ്രധാന രാഷ്ട്രീയ നേതാക്കളും അധികാരികളും ഈ വിഷയത്തെ ഗൗരവത്തോടെ കാണേണ്ടതാണ്. ഇത്രയും കാലപ്പഴക്കമുള്ള, ഉയർന്ന ജലസംഭരണശേഷിയുള്ള ഡാം തകരുകയെന്നത് വളരെ വലിയ ദുരന്തത്തിനാകും കാരണമാകുക. കേരളത്തിലെത്തി ഈ പ്രദേശങ്ങളെല്ലാം കണ്ടിട്ടുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളെ കേൾക്കേണ്ടത് ആവശ്യമാണ്. ഇനിയൊരു 2018 വെള്ളപ്പൊക്കം ആവർത്തിക്കരുത്. ഇക്കാര്യത്തിൽ കേരള-തമിഴ്നാട് സർക്കാരുകൾ ചേർന്ന് ഉചിതമായ തീരുമാനം എടുക്കണം. കേരള മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ഒരുമിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് പറയാനുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com