
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന ശശി തരൂരിന്റെ പരാമർശത്തിൽ കോൺഗ്രസിന് അസഹിഷ്ണുതയാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ.. അനുഭവസ്ഥർ വസ്തുത നിരത്തി വ്യവസായ സൗഹൃദം എന്ന് പറയുന്നു. പക്ഷേ കോൺഗ്രസ് നേതാക്കൾക്ക് അസഹിഷ്ണുതയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
നിക്ഷേപകർ കേരളത്തിലേക്ക് വരുന്നതിൽ നിന്ന് തടയാനാണ് ചില കോൺഗ്രസ് നേതാക്കളുടെ ശ്രമം. കോൺഗ്രസ് നേതാക്കൾക്ക് വ്യക്തിപരമായ താല്പര്യങ്ങൾ എന്നും ഇ.പി. ജയരാജൻ പറഞ്ഞു. തരൂർ പറഞ്ഞതിൽ എന്താണ് തെറ്റെന്നും ജയരാജൻ ചോദിച്ചു. ശശി തരൂരിന്റെ അഭിപ്രായമാണ് ശരിയെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പറയുന്നുണ്ടെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
'കട്ടന്‍ചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന തന്റെ ആത്മകഥയുടെ പ്രകാശനം ഏപ്രിലില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. പുതിയ പ്രസാധകരുമായി സംസാരിച്ചു. സിപിഎം പാർട്ടി കോൺഗ്രസിന് ശേഷമാകും പ്രസിദ്ധീകരിക്കുന്നതെന്നും ജയരാജൻ അറിയിച്ചു.
അതേസമയം, ആത്മകഥാ പുസ്തക വിവാദത്തിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരുന്നു. കേസില്‍ ഡിസി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി. ശ്രീകുമാര്‍ മാത്രമാണ് പ്രതി. കൂടുതല്‍ പേരെ പ്രതിചേര്‍ക്കണ്ടതില്ലെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.
ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പിയുടെ പരാതി. എ.വി. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്.
കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് രഘുനാഥില്‍ നിന്നാണ് ആത്മകഥ ഭാഗങ്ങള്‍ ഡിസി വാങ്ങിയത്. രഘുനാഥ് ഉള്‍പ്പെടുത്താത്ത ഭാഗങ്ങള്‍ ഡിസി ബുക്‌സ് എഴുതി ചേര്‍ത്തെന്നും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്നു.