
സിപിഐഎം സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൽ തന്നെ നീക്കിയതാണെന്ന പറയുന്നുണ്ടെന്ന വാർത്തയിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും, വ്യക്തിഹത്യ നടത്താൻ ഏതോ ഒരു കേന്ദ്രം പ്രവർത്തിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു. ന്യൂസ് മലയാളത്തോടായിരുന്നു ജയരാജൻ്റെ ആദ്യപ്രതികരണം.
ഇത്തരം ആരോപണങ്ങൾ പ്ലാൻ ചെയ്ത് തയ്യാറാക്കിയതാണ്. ഇതിന് പിന്നിൽ പിന്നിൽ പാർട്ടി വിരുദ്ധ ശക്തികളാണ്. തനിക്കെതിരെ നടത്തുന്ന ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ഇന്ന് തുടങ്ങിയതല്ല, കുറേ കാലമായി ഇത് തുടരുന്നു. "എന്നെ നീക്കിയെന്ന വാചകം റിപ്പോർട്ടിൽ ഇല്ല. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.
എല്ലാ മാധ്യമങ്ങളും ഒരേ തരത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ നടത്തിയാൽ പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ കഴിയുമെന്നാണ് ചിലർ കരുതുന്നത്", ഇ.പി. ജയജയരാജൻ പറഞ്ഞു. പിണറായി തുടരുമോയെന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കും. പ്രായത്തിൻ്റെ കാര്യത്തിൽ പാർട്ടി അംഗീകരിച്ച നിലപാട് എല്ലാവരും അംഗീകരിച്ചതാണ്. അതിൽ ചോദ്യത്തിൻ്റെ പ്രശ്നമില്ല. പാർട്ടി അംഗീകരിച്ചത് അംഗങ്ങൾക്കെല്ലാം ബാധകമാണ്. പിണറായി അവതരിപ്പിച്ച നവ കേരളരേഖ നല്ല കേരളം സൃഷ്ടിക്കാൻ സമ്മേളനം ചർച്ച ചെയ്ത് രേഖ അംഗീകരിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.