ആത്മകഥാ വിവാദം; ചോർന്നത് ഡിസി ബുക്സിൽ നിന്ന് തന്നെ, അന്വേഷണത്തിൽ പുറത്തുവന്നത് സത്യസന്ധമായ കാര്യങ്ങൾ: ഇ.പി. ജയരാജൻ

ആത്മകഥ ചോർന്നത് ഡിസിയിൽ നിന്ന് തന്നെയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. പബ്ലിക്കേഷൻസ് വിഭാഗം മാനേജർ ശ്രീകുമാറാണ് ആത്മകഥയിലെ ഭാഗങ്ങൾ ചോർത്തി നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്
ആത്മകഥാ വിവാദം; ചോർന്നത് ഡിസി ബുക്സിൽ നിന്ന് തന്നെ, അന്വേഷണത്തിൽ പുറത്തുവന്നത് സത്യസന്ധമായ കാര്യങ്ങൾ: ഇ.പി. ജയരാജൻ
Published on

ആത്മകഥ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് വന്നതിന് പിന്നാലെ പ്രതികരണവുമായി ഇ.പി. ജയരാജൻ. " ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന് തന്നെയാണ്. പൊലീസ് കണ്ടെത്തിയ കാര്യങ്ങൾ താൻ നേരത്തെ പറഞ്ഞതാണ്. സത്യസന്ധമായ കാര്യങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്. എങ്ങനെയാണ് ചോർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ അതുകൂടി വ്യക്തമാകും", ഇ.പി. ജയരാജൻ പറഞ്ഞു.


ആത്മകഥ ചോർന്നത് ഡിസിയിൽ നിന്ന് തന്നെയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. പബ്ലിക്കേഷൻസ് വിഭാഗം മാനേജർ ശ്രീകുമാറാണ് ആത്മകഥയിലെ ഭാഗങ്ങൾ ചോർത്തി നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്പി, ഡിജിപിക്ക് കൈമാറി. പൊലീസിന് നേരിട്ട് കേസെടുക്കാൻ ആവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡിസി ബുക്‌സും ഇപിയുമായി കരാർ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് വലിയ ചർച്ചാ വിഷയമായ സംഭവമായിരുന്നു ഇ.പിയുടെ ആത്മകഥ. കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിലാണ് അത് പ്രചരിപ്പിച്ചത്. എന്നാൽ ഇത് താൻ എഴുതിയതെല്ലന്ന് ഇ,പി. ആദ്യം തന്നെ പ്രതികരിച്ചിരുന്നു. "എൻ്റെ ആത്മകഥ പൂർത്തിയായിട്ടില്ല.ഇപ്പോഴും എഴുതികൊണ്ടിരിക്കുകയാണ്. ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണ ചുമതല ഞാൻ ഡിസി ബുക്സിനെ ഏൽപ്പിച്ചിട്ടില്ല. പ്രസിദ്ധീകരണം ആവശ്യപ്പെട്ട് മാതൃഭൂമി സമീപിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ആർക്കും പ്രസിദ്ധീകരിക്കാനുള്ള അനുവാദം നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് ദിനം മുന്നിൽകണ്ടുള്ള ആസൂത്രിതമായ ഗൂഢാലോചന മാത്രമാണിത്. ആത്മകഥയിൽ പറയുന്നത് പഴയ കാര്യങ്ങൾ മാത്രമാണ്. പിഡിഎഫ് ഫോർമാറ്റ് പുറത്തുവിട്ട ഡി.സി. ബുക്സിനെതിരെ നിയമനടപടി സ്വീകരിക്കും. 'കട്ടൻ ചായയും പരിപ്പുവടയും' എന്ന് ഞാൻ പുസ്തകത്തിന് പേര് നൽകുമോ," എന്ന്  ഇ.പി. ജയരാജൻ ചോദിച്ചിരുന്നു.

കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരു തന്നെ ഇ.പിയെ പരിഹസിക്കുന്നതിന് സമമാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ്റെ പ്രതികരണം. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കൃത്രിമമാണെന്ന് ഇ.പി. ജയരാജന്‍ തന്നെ പറഞ്ഞു. ഉത്തരവാദിത്തം ആര്‍ക്കാണെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അത് ജയരാജന് മാത്രമേ പറയാന്‍ കഴിയൂ എന്നും ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com