"രോഗിയും കുടുംബവും മാപ്പ് അപേക്ഷിച്ചാൽ മാത്രം തുടർചികിത്സ"; പരാതി ഉന്നയിച്ച കുടുംബത്തെ അവഹേളിച്ച് എറണാകുളം ജനറൽ ആശുപത്രി അധികൃതർ

കാഞ്ഞിരമറ്റം സ്വദേശിനി റംലത്ത് എന്ന 54കാരിയുടെ കുടുംബാംഗങ്ങളാണ് ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ഉന്നയിച്ചത്
"രോഗിയും കുടുംബവും മാപ്പ് അപേക്ഷിച്ചാൽ  മാത്രം തുടർചികിത്സ";  പരാതി ഉന്നയിച്ച കുടുംബത്തെ അവഹേളിച്ച് എറണാകുളം ജനറൽ ആശുപത്രി അധികൃതർ
Published on

എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ് ആരോപിച്ച കുടുംബത്തോട് പ്രതികാര നടപടിയുമായി ആശുപത്രി അധികൃതർ. രോഗിയും കുടുംബവും മാപ്പ് അപേക്ഷിച്ചാൽ മാത്രം തുടർചികിത്സയെന്നാണ് അധികൃതർ അറിയിച്ചത്. കാഞ്ഞിരമറ്റം സ്വദേശിനി റംലത്ത് എന്ന 54കാരിയുടെ കുടുംബാംഗങ്ങളാണ് ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ഉന്നയിച്ചത്. വൻകുടലിലെ മുഴ നീക്കം ചെയ്ത ശസ്ത്രക്രിയയിൽ വീഴ്ചയുണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം.


മെയ് 27ന് ആയിരുന്നു എറണാകുളം ജനറൽ ആശുപത്രിയിൽ റംലത്തിൻ്റെ ശസ്ത്രക്രിയ നടന്നത്. തുടർന്നാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയത്. പരാതി നൽകിയതിൻ്റെ പേരിൽ മാപ്പപേക്ഷ എഴുതി നൽകണമെന്ന നിലപാടാണ് നിലവിൽ ആശുപത്രി അധികൃതർ പറയുന്നതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ആശുപത്രിയിലേക്ക് വിളിപ്പിച്ചതിനെ തുടർന്ന് സൂപ്രണ്ടിനെ കണ്ടപ്പോഴാണ് മാപ്പ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടതെന്ന് മകൻ സത്താർ പറയുന്നു. ആശുപത്രി അധികൃതർ എഴുതിതയ്യാറാക്കിയ മൊഴിയിൽ ഒപ്പിടാൻ നിർബന്ധിച്ചു. റംലത്തിൻ്റെ തുടർ ചികിത്സയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും, ചികിത്സാ രേഖകൾ ആശുപത്രിയുടെ പക്കലാണെന്നും മകൻ പറഞ്ഞു.



വൻകുടലിൽ മുഴയെ തുടർന്ന് രക്തസ്രാവം ഉണ്ടായതോടെയാണ് റംലത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. സ്കാനിംഗിൽ മുഴ വലുതാകുന്നതായി കണ്ടെത്തി. ഇത് അർബുദത്തിന്റെ ലക്ഷണമായി സംശയിച്ചാണ് ഡോക്ടർ സജി മാത്യു വൻകുടലിൽ ശസ്ത്രക്രിയ നടത്തിയത്. വൻകുടലിൻ്റെ ഒരു ഭാഗം പുറത്തെടുത്ത് വയറിന് പുറത്ത് ഒരു ബാഗിൽ ചേർത്തുവച്ച ശേഷം മുഴ മാറ്റി. ഇതിന്റെ ഒരു ഭാഗം അർബുദമുണ്ടോ എന്ന് സ്ഥിരീകരിക്കാനായി ബയോപ്സിക്കായി അയയ്ക്കുയും ചെയ്തു. പരിശോധനയിൽ അർബുദമില്ലെന്ന് കണ്ടെത്തി.



അതേസമയം മുഴയ്ക്ക് ശസ്ത്രക്രിയ ആവശ്യമില്ലായിരുന്നു എന്ന തരത്തിൽ ആശുപത്രിയിലെ നഴ്സുമാർ സംസാരിച്ചത് റംലത്തിൻ്റെ മകൾ കേട്ടിരുന്നു. തുടർന്ന് പുറത്തേക്ക് മാറ്റിവച്ച വൻകുടലിന്റെ ഭാഗം പൂർവസ്ഥിതിയിലാക്കാനുള്ള ശസ്ത്രക്രിയ വൈകുകയും ചെയ്തു. ഇതോടെ കുടുംബം ആശുപത്രിയിൽ പ്രതിഷേധിച്ചു.

പിന്നാലെയാണ് പൊലീസിനും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്. പുതിയ തീയതി നൽകിയിട്ടും കുടുംബം രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് എത്തിയില്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.പൊലീസിന് പരാതി നൽകിയ സ്ഥിതിക്ക് ഇതിൽ തീർപ്പായിട്ട് ശസ്ത്രക്രിയ ചെയ്യാമെന്നാണ് ഡോക്ടർ സജി മാത്യുവിൻ്റെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com