
ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്. പേട്ട കൊച്ചമ്പലത്തിൽ നിന്നും എരുമേലി വലിയമ്പലത്തിലേക്കാണ് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ പേട്ടതുള്ളുക. അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ രാവിലെയും ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളൽ ഉച്ചയ്ക്ക് ശേഷവുമാണ് നടക്കുക. രാവിലെ പേട്ടപ്പണം വയ്ക്കൽ ചടങ്ങോടെ പേട്ടകെട്ടിനു തുടക്കമാകും. ചായംപൂശി പച്ചിലത്തൂപ്പുകളും ശരക്കോലും കയ്യിൽ ഏന്തിയാണ് ഭക്തർ പേട്ടതുള്ളുക.
ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറക്കുന്നത് ദൃശ്യമായാൽ, ഉടൻ തിടമ്പ് പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. പേട്ട ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന തുള്ളൽ എരുമേലി വാവർ പള്ളിയിൽ പ്രവേശിക്കും. കളഭം തളിച്ചും പുഷ്പവൃഷ്ടി നടത്തിയും പള്ളി അധികൃതർ പേട്ട സംഘത്തെ സ്വീകരിക്കും. തുടർന്ന് വാവർ പ്രതിനിധി അമ്പലപ്പുഴ സംഘത്തോടൊപ്പം എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങും. ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ അവസാനിക്കും.
ഉച്ചയ്ക്ക് ശേഷമാണ് ആലങ്ങാട് സംഘം പേട്ടതുള്ളൽ ആരംഭിക്കുക. വാവർ പ്രതിനിധി അമ്പലപ്പുഴ സംഘത്തോടൊപ്പം പോയതിനാൽ ആലങ്ങാട് സംഘം വാവർ പള്ളിയിൽ പ്രവേശിക്കുകയില്ല. ചിന്തു പാട്ടിന്റെ താളത്തിലാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളൽ. വൈകുന്നേരത്തോടെ ചടങ്ങുകൾ പൂർത്തിയാക്കി ഇരു സംഘങ്ങളും കാനനപാത വഴി പമ്പയിലേക്ക് പുറപ്പെടും.
13ന് പമ്പയിൽ പമ്പവിളക്കും പമ്പസദ്യയും നടക്കും. മകരവിളക്ക് ദിവസം അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവുമായി പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും.14ന് സന്നിധാനത്ത് എത്തിച്ചേരും. 14ന് വൈകിട്ടാണ് മകരജ്യോതി ദർശനം.