
എരുമേലി ക്ഷേത്രത്തിൽ പൊട്ട് കുത്തലിന് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചു. പൊട്ട് കുത്തലുകാരായി എത്തി അയ്യപ്പ ഭക്തരെ വലിയ തോതിൽ സാമ്പത്തികമായി ചൂഷണം ചെയ്യുന്നെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചത്. പൊട്ട് കുത്താൻ സൗജന്യ സംവിധാനമൊരുക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാനാണ് ബോർഡ് പൊട്ട് കുത്തൽ ഏറ്റെടുത്തത്. കുത്തകയിൽ പെടുത്തിയപ്പോഴോ ലേലം ചെയ്യുമ്പോഴോ ഉന്നയിക്കാത്ത പ്രശ്‌നങ്ങളുമായി ലേലം ഉറപ്പിച്ച് കഴിഞ്ഞപ്പോൾ ചിലർ മുന്നോട്ട് വന്നത് ചില സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എരുമേലി ക്ഷേത്ര പരിസരം സംഘർഷ ഭൂമിയാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂർവ്വമായ ശ്രമമാണെന്നും, അതുകൊണ്ട് ഭക്തർക്ക് പൊട്ട് കുത്താനുള്ള സൗകര്യം സൗജന്യമായി നടപ്പന്തലിൽ ഒരുക്കി നൽകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
നടപന്തലിലോ ക്ഷേത്രപരിസരത്തോ ഉത്സവ മേഖലയിലോ പൊട്ട് കുത്തൽ നടത്താൻ വ്യക്തികളെയോ സംഘടനകളെയോ കച്ചവട സ്ഥാപനങ്ങളെയോ അനുവദിക്കില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. നേരത്തെ പൊട്ട് കുത്താൻ ഫീസ് ഈടാക്കിയ നടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.