എരുമേലി ക്ഷേത്രത്തിലെ കുറി വിവാദം: ഫീസ് പിന്‍വലിച്ചുവെന്ന് ഹൈക്കോടതിയെ അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

എരുമേലി അയ്യപ്പക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് ചന്ദനം, സിന്ദൂരം തുടങ്ങിയ കുറികൾക്ക് 10 രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു
എരുമേലി ക്ഷേത്രത്തിലെ കുറി വിവാദം: ഫീസ് പിന്‍വലിച്ചുവെന്ന് ഹൈക്കോടതിയെ അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
Published on

എരുമേലിയിൽ പേട്ടതുളളലിനുശേഷം കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍. ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. അയ്യപ്പസേവാ സമാജം നൽകിയ ഹർജിയാണ് കോടതി വീണ്ടും പരിഗണിച്ചത്.

മൂന്ന് കണ്ണാടികൾ നടപ്പന്തലിന് സമീപം സ്ഥാപിച്ചിട്ടുണ്ടന്നും ബോർഡ് കോടതിയെ അറിയിച്ചു. മണ്ഡലകാലത്ത് ചന്ദനവും സിന്ദൂരവും സൗജന്യമായി ഭക്തർക്ക് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.  ഹർജി അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

എരുമേലി അയ്യപ്പക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് ചന്ദനം, സിന്ദൂരം തുടങ്ങിയ കുറികൾക്ക് 10 രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് അയ്യപ്പസേവാ സമാജം ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് ഏഴു ലക്ഷം രൂപയ്ക്ക് കരാർ നൽകിയതെന്നും ആരെയും നിർബന്ധിക്കുന്നില്ലെന്നുമായിരുന്നു ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്. എന്നാൽ ഇതിന്‍റെ പേരിൽ കരാറുകാരൻ കോടികളല്ലേ സമ്പാദിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

ഭക്തരെ ചൂഷണം ചെയ്യുന്ന നടപടിയാണ് ബോർഡിൻ്റേതെന്നും മുൻ വർഷങ്ങളിലേത് പോലെ സൗജന്യമായി കുറിതൊടാൻ ഭക്തർക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. എരുമേലിയിൽ സ്‌പെഷ്യൽ കമ്മീഷണർ സേവനം ഉറപ്പാക്കണമെന്നും രാസ സിന്ദൂരത്തിൻ്റെ ഉപയോഗം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com