ഒറ്റമൂലി രഹസ്യത്തിനായി ഒന്നര വര്‍ഷം തടവിലിട്ടു; കൊന്ന് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളി; ഷാബ ഷെരീഫ് കൊലപാതക കേസില്‍ വിധി ഇന്ന്

മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയാന്‍ വേണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു
കൊല്ലപ്പെട്ട ഷാബ ഷെരീഫ്, മുഖ്യപ്രതി ഷൈബിൻ അഷ്റഫ്
കൊല്ലപ്പെട്ട ഷാബ ഷെരീഫ്, മുഖ്യപ്രതി ഷൈബിൻ അഷ്റഫ്
Published on

വിവാദം സൃഷ്ടിച്ച ഷാബ ഷെരീഫ് കൊലപാതക കേസില്‍ ഇന്ന് വിധി പറയും. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുക. ഒരുവര്‍ഷം നീണ്ട വിചാരണ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. മൃതദേഹാവശിഷ്ടം പോലും കണ്ടെത്താനാകാത്ത അപൂര്‍വമായ കേസിലാണ് കോടതി വിധി പറയുക.

മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫിന്റെ സംഘം തട്ടിക്കൊണ്ടു പോയി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നും പിന്നീട് 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്.

മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതു കൊണ്ടുതന്നെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും കേസിന് ലഭിച്ചില്ല. കേസില്‍ നിര്‍ണായകമായത് ഷബാ ഷരീഫിന്റെ തലമുടിയുടെ മൈറ്റോകോണ്‍ട്രിയ ഡിഎന്‍എ പരിശോധന ഫലം ആണ്. ഷൈബിന്‍ അഷ്‌റഫിന്റെ കാറില്‍ നിന്നാണ് തലമുടി കണ്ടെത്തിയത്. ഇത് ഷാബാ ഷെരീഫിന്റെ ആണെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഈ ശാസ്ത്രീയ പരിശോധന ഫലവും കേസിലെ ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി നൗഷാദ് എന്ന മോനു (42)വിന്റെ സാക്ഷി മൊഴികളും ആണ് കേസില്‍ നിര്‍ണായകമായത്.

നൗഷാദ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് ഷാബ ഷെരീഫ് വധം പുറം ലോകം അറിഞ്ഞത്. ഷാബാ ഷെരീഫിനെ കെട്ടിയിട്ട ദൃശ്യങ്ങളും നൗഷാദ് പകര്‍ത്തിയിരുന്നു, അന്വേഷണസംഘത്തിന് ഇത് പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്നായി മാറി. കേസില്‍ നൗഷാദ് മാപ്പുസാക്ഷിയായി.

2024 ഫെബ്രുവരി 15ന് ആയിരുന്നു കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ യാണ് കേസില്‍ വിസ്തരിച്ചത്. വിചാരണവേളയില്‍ ഷാബ ഷെരീഫിന്റെ ഭാര്യയും മക്കളും ഷൈബിന്‍ അഷ്‌റഫിന്റെ സംഘത്തെ തിരിച്ചറിഞ്ഞിരുന്നു. നൗഷാദ് സാമ്പത്തിക ലാഭത്തിനുവേണ്ടി കള്ളം പറയുന്നുവെന്ന മറുവാദമാണ് പ്രതിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ ആകെ 15 പ്രതികള്‍ ആണുള്ളത്. അതിലൊരാള്‍ മാപ്പുസാക്ഷിയായതോടെ നിലവില്‍ പതിനാലുപേരാണ് പ്രതി പട്ടികയില്‍. കേസില്‍ പിടിയിലാകാനുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ വച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവില്‍ ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com