ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

മരിച്ച ഷൈനിയുടെ ഭർത്താവ് തൊടുപുഴ സ്വദേശി ചേരിയിൽവലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടം നടക്കുന്നതിൻ്റെ തലേദിവസം ഭാര്യക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നതായി നോബി പൊലീസിൽ മൊഴി നൽകി
ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
Published on


കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മരിച്ച ഷൈനിയുടെ ഭർത്താവ് തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും(11), ഇവാനയും(10) മരിച്ചത്.


കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെയായിരുന്നു ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. അപകടം നടക്കുന്നതിൻ്റെ തലേദിവസം ഭാര്യക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നതായി നോബി പൊലീസിൽ മൊഴി നൽകി. അതിനാൽ വാട്ട്സ്ആപ്പ് സന്ദേശം വീണ്ടെടുക്കാനൊരുങ്ങുകയാണ് പൊലീസ്. നോബിയുടെ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

തൊടുപുഴ സ്വദേശിയായ ഭർത്താവ് നോബി ലൂക്കോസുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ 9 മാസമായി സ്വന്തം വീട്ടിലാണ് താമസം. പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു അമ്മ ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിൽ നിന്ന് ജീവനൊടുക്കുകയായിരുന്നു. നിർത്താതെ ഹോൺ മുഴക്കി വന്ന ട്രെയിനിന് മുന്നിൽ നിന്നും മൂവരും മാറാൻ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു.


വിവാഹ മോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്. നഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമം ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com