72,000 വീഡിയോകൾ, 1.2 മില്ല്യൺ ഉപയോക്താക്കൾ; പീഡോഫൈൽ ഡാർക്ക് വെബ് പ്ലാറ്റ്‌ഫോം കിഡ്‌ഫ്ലിക്സ് പൂട്ടിച്ച് യൂറോപോൾ

പ്ലാറ്റ്‌ഫോമിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതടക്കമുള്ള വീഡിയോകൾ പങ്കുവെച്ച 79 പ്രതികളെ അറസ്റ്റ് ചെയ്തതായും യൂറോപോൾ വ്യക്തമാക്കി
72,000 വീഡിയോകൾ, 1.2 മില്ല്യൺ ഉപയോക്താക്കൾ; പീഡോഫൈൽ ഡാർക്ക് വെബ് പ്ലാറ്റ്‌ഫോം 
കിഡ്‌ഫ്ലിക്സ് പൂട്ടിച്ച് യൂറോപോൾ
Published on

ലോകത്തിലെ ഏറ്റവും വലിയ പീഡോഫൈൽ ഡാർക്ക് വെബ് പ്ലാറ്റ്‌ഫോം 'കിഡ്‌ഫ്ലിക്സി'ന് പൂട്ടിട്ട് യൂറോപ്യൻ യൂണിയന്റെ നിയമ നിർവ്വഹണ ഏജൻസിയായ യൂറോപോൾ. 35 രാജ്യങ്ങളിലായി കഴിഞ്ഞ മാസം നടത്തിയ ഓപ്പറേഷനിലൂടെയാണ് കിഡ്‌ഫ്ലിക്സ് പൂട്ടിടാൻ അധികൃതർക്ക് കഴിഞ്ഞത്. പ്ലാറ്റ്‌ഫോമിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതടക്കമുള്ള വീഡിയോകൾ പങ്കുവെച്ച 79 പ്രതികളെ അറസ്റ്റ് ചെയ്തതായും യൂറോപോൾ വ്യക്തമാക്കി.


2021ലാണ് കിഡ്‌ഫ്ലിക്സെന്ന ഡാർക്ക് വെബ് പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ലോകമെമ്പാടുമായി 1.8 ദശലക്ഷം ആളുകളാണ് പ്ലാറ്റ്ഫോം ഉപയോഗിച്ചത്. പ്ലാറ്റ്‌ഫോമിൽ മൊത്തം 72,000 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. അറസ്റ്റിലായവരിൽ ചിലർ കുട്ടികളെ ദുരുപയോഗം ചെയ്തതായി സംശയിക്കുന്നുവെന്നും യൂറോപോൾ പറഞ്ഞു.



മറ്റ് അനധികൃത പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകൾ സ്ട്രീം ചെയ്യാനും കിഡ്‌ഫ്ലിക്‌സ് അക്സസെസ് നൽകിയിരുന്നതായി യൂറോപോൾ പറയുന്നു. പ്രാരംഭഘട്ടത്തിൽ ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ചാണ് ഉപയോക്താക്കൾ പേയ്‌മെന്റുകൾ നടത്തിയത്. പിന്നീട് അവ ടോക്കണുകളാക്കി മാറ്റി. വീഡിയോകള്‍ അപ്‌ലോഡ് ചെയ്തും, തലക്കെട്ടുകളും വിവരണങ്ങളും പരിശോധിച്ച്, വീഡിയോകളെ വ്യത്യസ്ത കാറ്റഗറിയിലേക്ക് തരംതിരിക്കുകയും ചെയ്താണ് ഉപയോക്താക്കൾക്ക് ടോക്കണുകള്‍ നൽകുന്നതെന്നും യൂറോപോൾ റിപ്പോര്‍ട്ടിൽ പറയുന്നു. 


കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരായ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇതെന്നും, സമീപ വർഷങ്ങളിൽ ഏജൻസി പിന്തുണച്ച ഏറ്റവും വലിയ കേസുകളിൽ ഒന്നാണിതെന്നും യൂറോപോൾ പറഞ്ഞു. കേസിൽ മൊത്തം 1,400 ഓളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 39 കുട്ടികളെ ഓപ്പറേഷനിലൂടെ സംരക്ഷിക്കാൻ കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com