നിർമ്മാണം തുടങ്ങി രണ്ട് വർഷം പിന്നിട്ടിട്ടും യാത്രദുരിതത്തിന് പരിഹാരമായില്ല; ചിന്നക്കനാൽ - പവർഹൗസ് റോഡ് പഴയപടി തന്നെ

നിർമ്മാണം തുടങ്ങി രണ്ട് വർഷം പിന്നിട്ടിട്ടും യാത്രദുരിതത്തിന് പരിഹാരമായില്ല; ചിന്നക്കനാൽ - പവർഹൗസ് റോഡ് പഴയപടി തന്നെ

ദേശിയ പാതയിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് ചിന്നക്കനാലിലേക്കുള്ളത്
Published on


മുന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലയിലേക്കുള്ള യാത്രദുരിതത്തിന് പരിഹാരമില്ല. ചിന്നക്കനാൽ - പവർഹൗസ് റോഡിൻെറ നിർമ്മാണം തുടങ്ങി രണ്ട് വർഷം പിന്നിട്ടു എന്നാണ് കണക്ക്. പക്ഷേ ഈ റോഡിന് കാലങ്ങളായി യാതൊരു മാറ്റവുമില്ല. ദേശിയ പാതയിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് ചിന്നക്കനാലിലേക്കുള്ളത്. പൂർണ്ണമായും തകർന്ന് കുണ്ടും കുഴിയുമായ അവസ്ഥയാണ് ഈ റോഡിലുള്ളത്.


കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും ചിന്നക്കനാലിലേക്ക് പോകുന്ന മൂന്ന് കിലോമീറ്ററോളം വരുന്ന പ്രധാന പൊതുമരാമത്ത് റോഡാണ് ഈ നിലയിലുള്ളത്. കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് റോഡിന്റെ നിർമ്മാണ കരാർ എടുത്തത്. നാല് കോടി രൂപയാണ് റോഡിന് അനുവദിച്ചത് എന്നാൽ രണ്ടര വർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. വലിയ പ്രതിഷേധവും സമരവുമെല്ലാം ഉണ്ടായി. പക്ഷേ റോഡ് പഴയപടി തന്നെ.

മഴക്കാലത്ത് റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടു. മഴ മാറിയതോടെ മെറ്റൽ ഇളകി തുടങ്ങി. ചിന്നക്കനാൽ റേഷൻകടയ്ക്ക് സമീപത്തെ കലുങ്കിന്റെ നിർമ്മാണവും പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ വാഹന യാത്രക്കാർക്ക് വലിയ അപകട ഭീഷണിയാണ് . കരാറുകാരുടെ അനാസ്ഥയാണ് റോഡ് നിർമ്മാണം വൈകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ കരാർ റദ്ദാക്കി റീടെണ്ടർ നടപടികൾ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നിർമ്മണത്തിന്റെ പേരിൽ അനധികൃതമായി പാറകൾ പൊട്ടിച്ചു കടത്തിയതായും നാട്ടുകാർ പറയുന്നു.

ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇവിടെ നിത്യ സംഭവമാണ്. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ ചിന്നക്കനാൽ നിവാസികൾ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. പൊതുമരാമത്തു മന്ത്രിയുടെ ശ്രദ്ധ പതിഞ്ഞാൽ മാത്രമേ ചിന്നക്കനാൽ റോഡിന് ശാപമോക്ഷം ലഭിക്കൂവെന്നാണ് നാട്ടുകാർ പറയുന്നത്.


News Malayalam 24x7
newsmalayalam.com