
കണ്ണൂർ ആറളം ഫാമിൽ സ്വകാര്യ വത്കരണ നീക്കം ശക്തിയായി നടക്കുമ്പോഴും ഫാമിലെ മനുഷ്യരുടെ ജീവിതം ദുസ്സഹമായി തുടരുകയാണ്. വന്യജീവി ആക്രമണത്തിൽ പകച്ചു നിൽക്കുന്ന ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിന് ഒരു നീക്കവും നടക്കുന്നില്ല. ജീവനും കയ്യിൽ പിടിച്ച് മരണത്തെ മുന്നിൽ കണ്ട് ജീവിക്കുന്ന ആദിവാസി വിഭാഗത്തിലെ മനുഷ്യർക്ക് ഒരു പരിഗണനയും നൽകാതെയാണ് ആറളം ഫാമിലെ സ്വകാര്യ വത്കരണ നീക്കം.
13.5 കിലോമീറ്റർ നീളത്തിൽ പ്രഖ്യാപിച്ച ആനമതിൽ മൂന്ന് കിലോമീറ്റർ ദൂരത്തിൽ നിന്ന് ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. ഇത് പൂർത്തീയാകാതെ ഫാമിൽ വിഹരിക്കുന്ന 50 ലേറെ കാട്ടനകളിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് അധികൃതർക്കും അറിയാത്തതല്ല. എന്നിട്ടും ഫാം ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകി ലാഭമുണ്ടാക്കാമെന്ന ചിന്ത ആരുടെ താല്പര്യം എന്നതാണ് എകെഎസ് ഉൾപ്പെടെ ചോദിക്കുന്നത്. പൈനാപ്പിളും തണ്ണിമത്തനും കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തികൾക്ക് ഫാമിൽ ഭൂമി നൽകിയിരുന്നു. ഇതിലൂടെ ഫാമിനോ അവിടുത്തെ മനുഷ്യർക്കോ എന്ത് ഗുണമുണ്ടായെന്ന് ആർക്കുമറിയില്ല.
വന്യജീവി ശല്യം രൂക്ഷമായ ഫാമിൽ ജീവിക്കാനാവില്ലെന്ന സ്ഥിതി വന്നതോടെ സർക്കാർ നൽകിയ ഭൂമിയിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് പോവുകയാണ് ആ ഭൂമിയുടെ ഉടമകളായ മനുഷ്യർ. ഇതൊന്നും ഫാം അധികൃതരുടെ കണ്ണിൽ പെടുന്നില്ല. ആറളം ഫാമിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ സംരക്ഷണത്തിനാണ് എല്ലാം എന്ന് നാഴികക്ക് നാല്പത് വട്ടം പറയുമ്പോഴും അവർക്കങ്ങനെ എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടോ എന്ന് ഫാം അധികൃതർക്ക് ചിന്തയില്ല. പുതിയ നീക്കത്തിന്റെ ലക്ഷ്യം എന്തെന്ന് ഭരണ കക്ഷിയായ സിപിഎമ്മിനെ പോലും ബോധിപ്പിക്കാനാവാത്ത ഫാം മാനേജ്മെന്റിന് സംരക്ഷിക്കേണ്ടത് ആരുടെ താല്പര്യം എന്നതാണ് ഫാം നിവാസികൾ ചോദിക്കുന്നത്.