
സാലറി ചലഞ്ചിൽ പണം നൽകാത്ത ചില ജീവനക്കാരുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ഇത്തരം നിലപാട് ശരിയായ രീതിയല്ല. കുട്ടികൾ പോലും കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി. ഇതൊരു നാടിന്റെ പൊതുവായ പ്രശ്നമാണ്. നാടിന്റെ പ്രശ്നങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കാൻ കഴിയണം. ജീവനക്കാരുടെ മേലെ പ്രത്യേകമായി തീരുമാനം അടിച്ചേൽപ്പിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എതിർപ്പ് അറിയിച്ച സംഘടനയോട് നിങ്ങളുടെ മനോഭാവം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള സംഘടനകളും പ്രവർത്തിക്കുന്നുണ്ടെന്ന് കാണണം. അഞ്ചു ദിവസത്തെ ശമ്പളം വലിയ ഭാരമാകുമെന്ന് ആർക്കും പറയാൻ കഴിയില്ല. ആ മനോഭാവം ഒരു സംഘടന സ്വാംശീകരിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഫയൽ നീക്കത്തിൽ അനാവശ്യമായ പല തട്ടുകൾ നില നിൽക്കുന്നുവെന്നും, ഫയൽ നീക്കത്തിൻ്റെ വേഗതയെ അത് ബാധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ അവരുടെ ആവശ്യത്തിനായി വല്ലാത്ത പീഡനം സഹിക്കുന്ന സാഹചര്യം ഉണ്ടാകരുത്, മനഃപൂർവം ഫയലുകൾ വൈകിപ്പിക്കരുത്. ഇപ്പോൾ കൂടുതൽ ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമായിട്ടുണ്ട്. ജീവനക്കാരും അതുമായി ബന്ധപ്പെട്ട് നല്ല ഇടപെടൽ നടത്തുന്നു. എന്നാൽ ചിലർ ഇപ്പോഴും പഴയ ശീലം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ തലത്തിലും അതത് ഉദ്യോഗസ്ഥർ തീരുമാനമെടുക്കണം. അവരവർ തീരുമാനിക്കേണ്ട കാര്യങ്ങളിൽ അവരവർ തന്നെ തീരുമാനം എടുക്കണം. തീരുമാനമെടുക്കാതെ ഫയലുകൾ വെച്ച് തട്ടി കളിക്കരുത്. നിങ്ങൾ ചെയ്യാതെ വരുമ്പോൾ സർക്കാരിനെയാണ് സ്വാഭാവികമായി കുറ്റപ്പെടുത്തുക. മാനുഷികമായ കാര്യങ്ങൾ നിർവഹിക്കാൻ മറ്റൊന്നും തടസമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, നവീൻ ബാബുവിൻ്റേത് അതീവ ദുഃഖകരമായ മരണമാണെന്നും, ഇതു പോലെയുള്ള ദുരന്തം ഇനി ഉണ്ടാകാൻ പാടില്ലെന്നും കടുത്ത നിലപാടെടുത്തു. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ഒരാളേയും അനുവദിക്കില്ല. അത് ഉറപ്പിക്കുന്ന തരത്തിലുള്ള ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.