
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പുതിയ പരാതി. മുഖ്യമന്ത്രിയുടെ ഭാര്യ ഉൾപ്പെട്ട മുഡ ഭൂമിയിടപാട് കേസിൽ തെളിവുകൾ നശിപ്പിച്ചെന്നാണ് പുതിയ പരാതി. മുഖ്യമന്ത്രിയുടെ മകൻ യതീന്ദ്രയുടെയും പേര് പരാമർശിച്ചാണ് പരാതി നൽകിയത്. മുഡ കേസിലെ പരാതിക്കാരിൽ ഒരാളായ പ്രദീപ് കുമാറാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് മുമ്പാകെ പരാതി സമർപ്പിച്ചത്.
ALSO READ: മുഡ ഭൂമിയിടപാട് കേസ്; ഭൂമി തിരികെ നൽകാമെന്ന് സിദ്ധരാമയ്യയുടെ ഭാര്യ
തെളിവുകൾ നശിപ്പിച്ചതിൽ മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. കേസിൽ പരാമർശിക്കുന്ന ഭൂമി മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് തിരികെ നൽകാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ആരോപണം ഉയരുന്നത്.
മുഡ ഇടപാടിൽ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭാര്യ തീരുമാനം അറിയിക്കുന്നത്. സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതോടെയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് സിദ്ധരാമയ്യയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ ഇ.ഡി കണ്ടുകെട്ടുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതേ തുടർന്നാണ് കേസരെ വില്ലേജിലെ 3.16 ഏക്കർ ഭൂമിക്ക് പകരമായി, വിജയനഗർ ഫേസ് 3, 4 എന്നിവയിൽ തനിക്ക് അനുവദിച്ച 14 പ്ലോട്ടുകൾ തിരികെ നൽകാമെന്ന് പാർവതി വാഗ്ദാനം ചെയ്തത്.