ഇ.വി.എം ; മസ്‌ക്കിന് റിസ്‌ക്ക്, രാഹുലിന് ബ്ലാക്ക് ബോക്‌സ്, ട്യൂട്ടോറിയലെടുക്കാന്‍ രാജീവ്

ഇ.വി.എമ്മിന്‍റെ സുതാര്യതയിലും സുരക്ഷയിലും ആശങ്കകളുമായി ഇലോണ്‍ മസ്ക്കും രാഹുല്‍ ഗാന്ധിയും.മസ്‌ക്കിന് വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
ഇ.വി.എം ; മസ്‌ക്കിന് റിസ്‌ക്ക്, രാഹുലിന് ബ്ലാക്ക് ബോക്‌സ്, ട്യൂട്ടോറിയലെടുക്കാന്‍ രാജീവ്
Published on
Updated on

ഇ.വി.എമ്മുകള്‍ ഹാക്കിങ്ങിനു വിധേയമാകാനിടയുണ്ടെന്ന ടെസ്ല, സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയോട് യോജിച്ചും വിയോജിച്ചും രാഹുല്‍ ഗാന്ധിയും രാജീവ് ചന്ദ്രശേഖറും. പ്യൂട്ടോ റിക്കോ പ്രാഥമിക ഇലക്ഷനുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ഇ.വി.എമ്മുകളെ ചൊല്ലി ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലായിരുന്നു മസ്‌ക്കിന്‍റെ പ്രതികരണം.ഇവിഎമ്മുകള്‍ ഉപേക്ഷിക്കണമെന്നും മനുഷ്യരാലും എ.ഐ പോലുള്ള സാങ്കേതിക വിദ്യകളാലും ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതകള്‍ കൂടുതലാണെന്ന് മസ്‌ക് എക്‌സില്‍ പോസ്റ്റ് ചെയ്തു.

പ്യൂട്ടോ റിക്കോ ഇലക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇ.വി.എം മെഷീനുകളിലേക്ക് ലോക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം. ഇവിടുത്തെ പ്രാഥമിക ഇലക്ഷനില്‍ ഇ.വി.എം ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് അധികൃതര്‍ പേപ്പര്‍ രേഖകള്‍ പരിശോധിച്ച് വോട്ടെണ്ണം കൃത്യമാക്കുകയായിരുന്നു. യു.എസ് മുന്‍ പ്രസിഡന്‍റ് ജോണ്‍ എഫ് കെന്നഡിയുടെ മരുമകനും 2024 യു.സ് ഇലക്ഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സാധ്യതയുമായ ജോണ്‍ എഫ് കെന്നഡി ജൂനിയറിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പോലെയായിരുന്നു മസ്‌ക്കിന്‍റെ പോസ്റ്റ്.

അസോസിയേറ്റട് പ്രസ് പറയുന്ന പ്രകാരം പ്യൂട്ടോ റിക്കോ ഇലക്ഷനില്‍ ഇ.വി.എമ്മുകള്‍ കാരണം നൂറ് കണക്കിന് വോട്ടുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. പേപ്പര്‍ രേഖകളിലൂടെയാണ് വോട്ടെണ്ണം കൃത്യമാക്കിയത്. പേപ്പര്‍ രേഖകകള്‍ ഇല്ലാത്തിടത്ത് എന്തു സംഭവിക്കും - ജോണ്‍ എഫ് കെന്നഡി ജൂനിയര്‍ എഴുതി. ഇലക്ഷനിലെ ഇടപെടലുകള്‍ ഇല്ലാതാക്കാനും എല്ലാ വോട്ടുകളും എണ്ണുന്നുവെന്ന് ഉറപ്പാക്കാനുമായി ഇ.വി.എം മെഷീനുകള്‍ക്ക് പകരമായി പേപ്പര്‍ ബാലറ്റുകള്‍ കൊണ്ട് വരണമെന്നാണ് കെന്നഡി ജൂനിയറിന്‍റെ വാദം.

ഇ.വി.എം അമേരിക്കയിലെന്നപോലെ ഇന്ത്യയിലും ചര്‍ച്ചയാവുകയാണ്. മസ്‌ക്കിനോട് പ്രതികരിച്ച് ആദ്യം എത്തിയത് ബി.ജെ.പി മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറാണ്. മസ്‌ക് വിഷയത്തെ വിവേചനരഹിതമായി സാമാന്യവത്കരിക്കുന്നുവെന്നാണ് ഇതിനെപ്പറ്റി രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചത്. കണക്ടിവിറ്റിയില്ല, ബ്ലൂടൂത്തോ, വൈഫൈയോ ഇല്ല. ഇന്ത്യ നിര്‍മിച്ചപോലെ വോട്ടിങ് മെഷീനുകള്‍ നിര്‍മിക്കാമെന്നും വേണമെങ്കില്‍ ട്യൂട്ടറിയല്‍ എടുത്തു നല്‍കുന്നതിന് സന്തോഷമേയുള്ളുവെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

മൂന്നാം തലമുറയില്‍പ്പെട്ട എം-3 ഇ.വി.എമ്മുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ബാഹ്യമായ ഇടപെടലുകള്‍ എന്തെങ്കിലുമുണ്ടായാല്‍ ഈ മെഷീന്‍ സേഫ്റ്റി മോഡിലേക്ക് മാറുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി ഇ.വി.എമ്മിനെതിരെ വരുന്നത്. ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ ബ്ലാക്ക് ബോക്‌സുകളാണ്. ഇവയെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയില്‍ ഗൗരവതരമായ ആശങ്കകളുണ്ടെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭ ഇലക്ഷനിലെ വിജയി രവീന്ദ്ര വൈകറുടെ ഭാര്യാസഹോദരന്‍ മംഗേഷ് പണ്ഡികര്‍ ഇ.വി.എം മഷീനുമായി കണക്ട് ചെയ്ത ഫോണ്‍ ഉപയോഗിച്ചു എന്ന വാര്‍ത്താക്കുറിപ്പിനൊപ്പമായിരുന്നു രാഹുലിന്‍റെ പോസ്റ്റ്. ജനാധിപത്യം ഒരു ചെപ്പടിവിദ്യയായി മാറിയെന്നും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ കള്ളത്തരങ്ങള്‍ക്ക് കാരണമായി തീര്‍ന്നുവെന്നും രാഹുല്‍ പോസ്റ്റില്‍ കൂട്ടിചേര്‍ത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷം വോട്ടിങ് മെഷീനില്‍ ക്രമക്കേടുകള്‍ ആരോപിച്ചിരുന്നു. എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് നൂറ് ശതമാനം സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇപ്പോള്‍ ചെയ്യുന്നപോലെ ഒരോ മണ്ഡലത്തിലെയും ക്രമരഹിതമായി തെരഞ്ഞെടുത്ത ഏതെങ്കിലും അഞ്ച് ഇ.വി.എമ്മുകളില്‍ നിന്നുള്ള വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയാല്‍ മതിയാകുമെന്നായിരുന്നു ബെഞ്ചിന്‍റെ ഉത്തരവ്. ഇതിനൊപ്പം ഇവിഎമ്മില്‍ ചിഹ്നങ്ങള്‍ നിറച്ച ശേഷം സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ പ്രതിനിധികളുടേയോ ഒപ്പുകള്‍ വാങ്ങി ആ യൂണിറ്റ് സീല്‍ ചെയ്യണമെന്നും തെരഞ്ഞെടുപ്പ് വിധി വന്ന ശേഷം 45 ദിവസം ഇ.വി.എം സ്റ്റോര്‍ റൂമുകളില്‍ സൂക്ഷിക്കണമെന്നും ഇലക്ഷന്‍ കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com