
ഡൽഹി മുഖ്യമന്ത്രി അതിഷിയെ പരിഹസിച്ച് ആംആദ്മി പാർട്ടി മുൻ നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. അതിഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിനു പിന്നാലെ, അരവിന്ദ് കെജ്രിവാൾ ഉപയോഗിച്ചിരുന്ന കസേര ഒഴിച്ചിട്ടുകൊണ്ട് മറ്റൊരു കസേരയിൽ ഇരുന്നിരുന്നു. ഇതിനെതിരെ പരിഹാസവുമായാണ് പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയത്.
മുഖ്യമന്ത്രി കസേരയിൽ ഇനി കെജ്‌രിവാളിൻ്റെ ചെരുപ്പുകൾ വെച്ച്, ചെരുപ്പാണ് സർക്കാർ മുന്നോട്ടുകൊണ്ടു പോകുന്നതെന്നും ഇനി അവർ അവകാശപ്പെട്ടേക്കുമെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ പരിഹാസം. എക്സിലൂടെയായിരുന്നു പ്രശാന്ത് ഭൂഷന്‍റെ പരിഹാസം.
ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റ അതിഷി, മുഖ്യമന്ത്രി കസേരക്കു സമീപം മറ്റൊരു കസേരയിട്ടാണ് ചുമതലയേറ്റത്. ഇത് അരവിന്ദ് കെജ്‌രിവാളിന്‍റെ കസേരയാണ്. നാലു മാസത്തിന് ശേഷം ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുമെന്ന ആത്മവിശ്വാസം എനിക്കുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഹിന്ദു ഇതിഹാസമായ രാമായണത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അതിഷി നിലവിലെ രാഷ്ട്രീയ സാഹചര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്. ഭരതന്‍റെ അവസ്ഥയാണ് എനിക്കിപ്പോള്‍, ശ്രീരാമന്‍ വനവാസത്തിന് പോയപ്പോള്‍ അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തില്‍ ഭരതന് ഭരിക്കേണ്ടി വന്നു എന്നാണ് അതിഷി പറഞ്ഞിരുന്നത്.