
ഒഡീഷയിൽ പരാതിപറയാനെത്തിയ സൈനിക ഉദ്യോഗസ്ഥൻ്റെ പ്രതിശ്രുത വധുവിനെ കസ്റ്റഡിയിലെടുത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ റിട്ട. സൈനിക മേധാവി വി.കെ. സിങ്ങും മുൻ സിബിഐ ഡയറക്ടർ എം. നാഗേശ്വര റാവുവും തമ്മിൽ വാഗ്വാദം. സൈനിക ഉദ്യോഗസ്ഥൻ്റെ പ്രതിശ്രുത വധുവിന് സംഭവിച്ചത് ലജ്ജാകരവും ഭയാനകവുമാണെന്ന് റിട്ട. സൈനിക മേധാവി വി.കെ. സിങ്ങ് സമൂഹമാധ്യമത്തിൽ കുറിച്ചതിന് പിന്നാലെയാണ് വാഗ്വാദം ഉടലെടുത്തത്. ഒരു റിട്ട. സൈനിക ഉദ്യോഗസ്ഥൻ്റെ മകൾ കൂടിയായ ആ പെൺകുട്ടിയെ നമ്മൾ കേൾക്കണം. അവർക്ക് ഒഡീഷയിലെ ഭരത്പൂർ പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്നത് ലജ്ജാകരമായി സംഭവമാണ്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണം. കാക്കിക്ക് കീഴിലുള്ള ക്രിമിനലുകളെ പുറത്തുകൊണ്ടുവരാൻ ഒഡീഷ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്നുമായിരുന്നു വി.കെ. സിങ്ങ് സമൂഹമാധ്യമത്തിൽ കുറിച്ചത്.
എന്നാൽ, മുൻ സിബിഐ ഡയറക്ടർ എം. നാഗേശ്വര റാവു ഈ വിഷയത്തെ മറ്റൊരു രീതിയിലാണ് സമീപിച്ചത്. സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവും മദ്യപിച്ച് മോശമായി പെരുമാറിയതാണെന്നായിരുന്നു എം. നാഗേശ്വര റാവുവിൻ്റെ ആരോപണം. സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവും മദ്യപിച്ച് രാത്രി വാഹനമോടിച്ചു. ഏതാനും എൻജിനീറിങ് വിദ്യാർഥികളുമായി തർക്കത്തിലേർപ്പെട്ട്, ഭരത്പൂർ പൊലീസ് സ്റ്റേഷനിലെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചു. മെഡിക്കൽ പരിശോധനയ്ക്കും രക്തപരിശോധനയ്ക്കും വിധേയരാകാൻ ആവശ്യപ്പെട്ടപ്പോൾ അതിന് വിസമ്മതിച്ചുവെന്നും എം. നാഗേശ്വര റാവു പറഞ്ഞു. 600ഓളം പൊലീസ് സ്റ്റേഷനുകൾ കൈകാര്യം ചെയ്യുന്ന ഒഡീഷ പൊലീസ് പരാതിയുമായി എത്തുന്നവരോട് മോശമായി പെരുമാറേണ്ടതില്ലെന്നും നാഗേശ്വര റാവു പറഞ്ഞു.
വി.കെ. സിങ്ങിനെതിരെയും എം. നാഗേശ്വര റാവു രൂക്ഷ വിമർശനമുന്നയിച്ചു. വി.കെ. സിങ്ങിൻ്റെ നിലപാട് പുനഃപരിശോധിക്കണം. ആർമി ഉദ്യോഗസ്ഥൻ്റെയും പ്രതിശ്രുത വധുവിൻ്റെയും ഭാഗത്ത് നിന്നുണ്ടായ പ്രശ്നത്തിന് ഒഡീഷ പൊലീസിനെ പഴി ചാരുന്നത് ശരിയല്ല. ഒരു ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് ഇന്ത്യൻ സൈന്യത്തെ മുഴുവൻ പഴിക്കുന്നില്ല. എന്നാൽ, ഇന്ത്യൻ സൈന്യം മുൻ ഉദ്യോഗസ്ഥൻ്റെ ഈ പെരുമാറ്റത്തിന് ഉത്തരം പറയണമെന്നും എം. നാഗേശ്വര റാവു പറഞ്ഞു.
അതേസമയം, സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവും ഒരു സംഘവുമായി തർക്കത്തിലേർപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ, സൈനിക ഉദ്യോഗസ്ഥരും, മുൻ ഉദ്യോഗസ്ഥരുമെല്ലാം സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവിനും പിന്തുണ നൽകുമ്പോൾ, പൊലീസ് ഉദ്യോഗസ്ഥരും റിട്ട. പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം ഒഡീഷ പൊലീസിനാണ് പിന്തുണ നൽകുന്നത്. ഒഡീഷ പൊലീസിനെ കുറ്റപ്പെടുത്തിക്കൊണ്ട് സൈനിക ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനമുയർത്തുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും സൈനിക ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്.
സംഭവത്തിൽ, ക്രൈംബ്രാഞ്ച് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവിനും സംരക്ഷണമൊരുക്കാൻ ഒഡീഷ സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്.