
രാജ്യതലസ്ഥാനത്തെ ആംആദ്മി പാർട്ടിയുടെ പതനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് ചൂടുപിടിക്കുകയാണ്. എന്നാൽ ആപ്പിൻ്റെ തോൽവിക്ക് പിന്നിൽ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെ പഴിചാരുകയാണ് പാർട്ടിയുടെ സഹ സ്ഥാപകനായ പ്രശാന്ത് ഭൂഷൺ. ഡൽഹിയെ പരാജയത്തിൻ്റെ ഉത്തരവാദി കെജ്‌രിവാളാണെന്നാണ് മുൻ എഎപി നേതാവായ പ്രശാന്ത് ഭൂഷണിൻ്റെ പക്ഷം. ബദൽ രാഷ്ട്രീയത്തിനായി പ്രവർത്തിച്ച സുതാര്യവും ജനാധിപത്യപരവുമായ എഎപിയുടെ സ്വഭാവം കെജ്‌രിവാൾ മാറ്റിയെന്ന ആരോപണമാണ് എക്സ് പോസ്റ്റിലൂടെ പ്രശാന്ത് ഭൂഷൺ ഉയർത്തിയത്.
"ബദൽ രാഷ്ട്രീയത്തിനായി രൂപീകരിച്ചതും സുതാര്യവും ഉത്തരവാദിത്തമുള്ളതും ജനാധിപത്യപരവുമായ ഒരു പാർട്ടിയെ അരവിന്ദ് കെജ്‌രിവാൾ പെട്ടെന്ന് തന്നെ ഒരു പരമാധികാര, അതാര്യ, അഴിമതി നിറഞ്ഞ പാർട്ടിയാക്കി മാറ്റി. ലോക്പാലിലേക്ക് (അഴിമതി രഹിതം) ലക്ഷ്യം വെച്ച പാർട്ടി അതിൻ്റെ സ്വന്തം ലോക്പാലിനെ നീക്കം ചെയ്തു," ഭൂഷൺ എക്സിൽ കുറിച്ചു.
കെജ്‌രിവാളിന് നേരിട്ട് ലക്ഷ്യം വെച്ചുള്ള ആക്രമണവും എക്സ് പോസ്റ്റിലുണ്ടായിരുന്നു. കെജ്‌രിവാൾ 45 കോടി ശീഷ് മഹൽ നിർമിച്ചു, ആഡംബര കാറുകളിൽ യാത്ര ചെയ്യാൻ തുടങ്ങി. സമയമാവുമ്പോൾ പാർട്ടി ഉചിതമായ നയങ്ങൾ സ്വീകരിക്കുമെന്ന് പറഞ്ഞ്, എഎപി രൂപീകരിച്ച വിദഗ്ദ്ധ സമിതികളുടെ 33 നയ റിപ്പോർട്ടുകൾ അദ്ദേഹം കുപ്പയിലെറിഞ്ഞെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു. ഡൽഹി തെരഞ്ഞെടുപ്പിൻ്റെ തുടക്കം മുതൽക്കെ എഎപിക്കെതിരെ ബിജെപി പ്രയോഗിച്ച ആയുധമായിരുന്നു കെജ്‌രിവാളിൻ്റെ വസതിയായ ശീഷ് മഹൽ. ശീഷ് മഹലിൻ്റെ നവീകരണത്തിൽ അഴിമതിയും സർക്കാർ ഫണ്ട് ദുരുപയോഗവും നടത്തിയെന്നായിരുന്നു ബിജെപി ആരോപണം. ബിജെപിയുടെ ശീഷ് മഹൽ ആക്രമണത്തെ ചെറുക്കാൻ ആം ആദ്മി പാർട്ടി പാടുപെട്ടു.
പൊങ്ങച്ചങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും രാഷ്ട്രീയം കളിക്കാമെന്നായിരുന്നു കെജ്‌രിവാളിൻ്റെ കണക്കുകൂട്ടൽ. ഇത് ആം ആദ്മി പാർട്ടിയുടെ അവസാനത്തിന്റെ തുടക്കമാണ്- ഭൂഷൺ കൂട്ടിച്ചേർത്തു. അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൻ്റെ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു പ്രശാന്ത് ഭൂഷൺ. 2012 ൽ ആം ആദ്മി പാർട്ടിയുടെ രൂപീകരണ വേളയിലും കെജ്‌രിവാളിനൊപ്പം പ്രവർത്തിച്ചിരുന്നു.
10 വർഷം പഴക്കമുള്ള ആ കത്ത്
10 വർഷം മുൻപ് പ്രശാന്ത് ഭൂഷൺ കെജ്‌രിവാളിനെഴുതിയ ഒരു തുറന്ന കത്തും പ്രശാന്ത് ഭൂഷൺ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. 2015ൽ പാർട്ടിയുടെ അച്ചടക്ക സമിതി നേതൃത്വം പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പുറത്തക്കിയപ്പോൾ എഴുതിയ കത്താണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു അന്ന് ഇരുവരെയും എഎപി പുറത്താക്കിയത്. പാർട്ടിയിലെ പരിധി ലംഘിച്ചുവെന്നും ഗൂഡാലോചനകൾ നടത്തിയെന്നുമായിരുന്നു പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കിയതിന് കെജ്‌രിവാൾ നൽകിയ വിശദീകരണം.
റഷ്യയിൽ സ്റ്റാലിൻ വിമതരെ തുടച്ചുനീക്കുന്നതുപോലെയാണ് തങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നായിരുന്നു ഭൂഷൺ അന്ന് കത്തിൽ കുറിച്ചത്. "ഡൽഹി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് ശേഷം, നിങ്ങൾ മികച്ച ഗുണങ്ങൾ മാത്രം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ കാണിച്ചു. പക്ഷേ നിർഭാഗ്യവശാൽ, പാർട്ടിയെക്കുറിച്ചുള്ള ഏറ്റവും മോശം കാര്യങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ലോക്പാലിനെ നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത ഞങ്ങളെ പുറത്താക്കിയ നടപടി, റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിമതരെ തുടച്ചുനീക്കിയ സ്റ്റാലിന്റെ നടപടിയെ ഓർമിപ്പിക്കുന്നു. സ്റ്റാലിന്റെ റഷ്യയും ഇന്ന് നമ്മുടെ പാർട്ടിയിൽ സംഭവിക്കുന്ന കാര്യങ്ങളും തമ്മിലുള്ള സമാനതകൾ അറിയണമെങ്കിൽ നിങ്ങൾ ജോർജ് ഓർവെല്ലിന്റെ 'ആനിമൽ ഫാം' വായിക്കണം. പാർട്ടിയോട് നിങ്ങൾ ചെയ്യുന്നത് ദൈവവും ചരിത്രവും ക്ഷമിക്കില്ല," പ്രശാന്ത് ഭൂഷൺ കുറിച്ചു.
അണ്ണാ ഹസാരെയുടെ വിമർശനം
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സാമൂഹിക പ്രവർത്തകനായ അണ്ണാ ഹസാരെയും രംഗത്തെത്തിയിരുന്നു. ഭരണകർത്താക്കൾക്ക് വേണ്ടത് നല്ല പ്രതിച്ഛായയാണെന്നും, പാർട്ടി നേതൃത്വം മദ്യത്തിനും പണത്തിനും അധികാരത്തിനും പിന്നാലെ പോയി മുഖം നഷ്ടപ്പെടുത്തിയതാണ് നിലവിലെ തിരിച്ചടിക്ക് കാരണമെന്നുമായിരുന്നു അണ്ണാ ഹസാരെയുടെ വിമർശനം.
2013ൽ അണ്ണാ ഹസാരെ നേതൃത്വം നൽകിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൻ്റെ ചുവടുപിടിച്ചാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരം പിടിച്ചത്. അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്ന കെജ്‌രിവാൾ മുഖ്യമന്ത്രിയായത് അദ്ദേഹത്തിൻ്റെ ആശീർവാദത്തോടും ഒപ്പം നടന്നപ്പോൾ ലഭിച്ച ജനപ്രീതിയുടെയും കരുത്തിൽ കൂടിയായിരുന്നു.
"തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് നല്ല സ്വഭാവഗുണവും ആശയങ്ങളും ഉണ്ടായിരിക്കണം. നേതാക്കളുടെ പ്രതിച്ഛായയിൽ ഒരു മാറ്റവും ഉണ്ടാകരുതെന്ന് ഞാൻ വളരെക്കാലമായി പറയുന്നുണ്ട്. പക്ഷേ, ആം ആദ്മി പാർട്ടിക്ക് അത് നിറവേറ്റാനായില്ല. അവർ മദ്യത്തിലും പണത്തിലും അധികാരത്തിലും കുടുങ്ങി. അത് കാരണം അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രതിച്ഛായയ്ക്കും മങ്ങലേറ്റു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ അവർക്ക് കുറഞ്ഞ വോട്ടുകൾ ലഭിക്കുന്നത്," അണ്ണാ ഹസാരെ പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പിൽ വൻ തോൽവിയാണ് എഎപി ഇത്തവണ ഏറ്റുവാങ്ങിയത്. ഫലം എണ്ണിത്തുടങ്ങിയതു മുതൽ മുതല്‍ ആം ആദ്മി പിന്നിലായിരുന്നു. ബിജെപി 48, ആം ആദ്മി പാർട്ടി 22, കോൺഗ്രസ് 0 എന്നിങ്ങനെയാണ് ലീഡ്. 2015ല്‍ മൂന്ന് സീറ്റും 2020ല്‍ എട്ട് സീറ്റുകളും മാത്രം നേടിയ ബിജെപി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഡൽഹിയിൽ 48 സീറ്റുകളുമായി തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ തെരഞ്ഞടുപ്പിന്.