പി.എഫ് ഫണ്ട് തട്ടിപ്പ് കേസ്: റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ്
മുൻ ഇന്ത്യൻ ക്രിക്കറ്റർ റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് റീജ്യനൽ പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള വസ്ത്ര ഡിസൈനിങ്-വ്യാപാര കമ്പനിയായ ബെംഗളൂരുവിലെ സെൻ്റോറസ് ലൈഫ്‌സ്റ്റൈൽ ബ്രാൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി. ഈ കമ്പനിയുടെ ഡയറക്ടറാണ് ഉത്തപ്പ.
തൊഴിലാളികളുടെ പി.എഫ് വിഹിതം അടയ്ക്കാതെ കുടിശ്ശിക വരുത്തിയതിന് പിന്നാലെയാണ് റീജ്യനൽ പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ പൊലീസിനോട് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിക്കാൻ നിർദേശം നൽകിയത്. ഡിസംബർ 27നകം കുടിശ്ശികയായ 24 ലക്ഷം രൂപയോളം ഉടൻ തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരുമെന്നും അധികൃതർ ഉത്തപ്പയോട് നിർദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡിസംബർ 4നാണ് റീജ്യനൽ പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണറായ സദാക്ഷരി ഗോപാൽ റെഡ്ഡി മുൻ ഇന്ത്യൻ താരത്തിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. 39കാരനായ ഉത്തപ്പ കേരള ക്രിക്കറ്റ് ടീമിലും കളിച്ചിരുന്നു. ഇന്ത്യക്കായി 59 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ഉത്തപ്പ ഇന്ത്യൻ പ്രീമിയർ ലീഗിലും ജനപ്രിയ താരമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആകെ 1183 റൺസും ഏഴ് അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്.