പോക്സോ കേസില്‍ ബി.എസ്. യെദ്യൂരപ്പയ്ക്ക് മുൻ‌കൂർ ജാമ്യം; കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി

2024 മാർച്ചില്‍ യെദ്യൂരപ്പയുടെ അടുത്ത് സഹായം അഭ്യർഥിച്ച് അമ്മയ്‌ക്കൊപ്പം എത്തിയ പതിനേഴുകാരിയെ മുൻ മുഖ്യമന്ത്രി ബലാത്സംഗം ചെയ്തുവെന്നാണ് കേസിനാസ്പദമായ സംഭവം
പോക്സോ കേസില്‍ ബി.എസ്. യെദ്യൂരപ്പയ്ക്ക് മുൻ‌കൂർ ജാമ്യം; കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി
Published on

പോക്സോ കേസില്‍ മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പയ്ക്ക് മുൻ‌കൂർ ജാമ്യം. കർണാടക ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നല്‍കിയത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, അദ്ദേഹത്തിനെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. കേസ് വീണ്ടും പരിഗണിക്കുന്നതിനായി വിചാരണ കോടതിയിലേക്ക് മാറ്റി. വിചാരണ കോടതി സ്വീകരിച്ച നടപടിയും എഫ്‌ഐആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യെദ്യൂരപ്പ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പൊലീസ് അന്വേഷണവും അന്തിമ റിപ്പോർട്ടും തൃപ്തികരമാണെന്ന് ഹൈക്കോടതി പറഞ്ഞു. പുനരന്വേഷണം ഉണ്ടാകില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

2024 മാർച്ചില്‍ യെദ്യൂരപ്പയുടെ അടുത്ത് സഹായം അഭ്യർഥിച്ച് അമ്മയ്‌ക്കൊപ്പം എത്തിയ പതിനേഴുകാരിയെ മുൻ മുഖ്യമന്ത്രി ബലാത്സംഗം ചെയ്തുവെന്നാണ് കേസിനാസ്പദമായ സംഭവം. ഇതു സംബന്ധിച്ച് മാർച്ച് 14നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. 2014 ഫെബ്രുവരി മാസത്തില്‍ ബെംഗളൂരുവിലെ ഡോളാര്‍ കോളനിയില്‍ വച്ച് മകള്‍ പീഡനത്തിന് ഇരയായെന്നും യെദ്യൂരപ്പയാണ് പീഡിപ്പിച്ചതെന്നുമാണ് പരാതി.

തുടര്‍ന്ന് ബെംഗളൂരുവിലെ സദാശിവനഗര്‍ പൊലീസ് കേസെടുക്കുകയും പിന്നീട് ഡിജിപി ആലോക് മോഹന്റെ നിര്‍ദേശപ്രകാരം കേസ് സിഐഡിക്ക് കൈമാറുകയും ചെയ്തു. യെദ്യൂരപ്പയെ ഈ കേസില്‍ സിഐഡി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കേസില്‍ പുരോഗതിയില്ലെന്ന് കാട്ടി ഇരയായ പെണ്‍കുട്ടിയുടെ സഹോദരന്‍ പിന്നീട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും, യെദ്യൂരപ്പയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉടൻ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

കേസിൽ അന്വേഷണം തുടങ്ങി രണ്ടു മാസങ്ങൾക്കിപ്പുറം പരാതിക്കാരിയായ യുവതി മരിച്ചിരുന്നു. ഇവർ അർബുദ ബാധിതയായിരുന്നു എന്നാണ് ഡോക്ടർമാരുടെ വിശദീകരണം. യെദ്യൂരപ്പയ്‌ക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ മരണത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്ത്രീയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ബെംഗളൂരു പൊലീസിനോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ അധികൃതർ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി മകനും ചില സംഘടനകളും പരാതി നൽകിയതോടെയാണ് കർണാടകയിലെ വനിതാ കമ്മീഷൻ്റെ ഇടപെട്ടത്.

പോക്സോ കേസ് സംസ്ഥാന സിഐഡി പൊലീസാണ് അന്വേഷിച്ചിരുന്നത്. ജൂലൈ 25ന് സമർപ്പിച്ച കുറ്റപത്രത്തിൽ യെദ്യൂരപ്പയ്‌ക്കെതിരായ ആരോപണങ്ങൾ സിഐഡി ശരിവെച്ചിരുന്നു. പീഡനത്തിന് പിന്നാലെ അമ്മയ്ക്കും മകൾക്കും പണം കൊടുത്ത് കേസ് ഒതുക്കി തീർക്കാനും യെദ്യൂരപ്പ നീക്കം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. അതിനിടെയാണ് ഇരയ്ക്ക് വേണ്ടി പരാതി നൽകിയ മാതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com