
മാസപ്പടി കേസിൽ SFIO വീണ വിജയൻ്റെ മൊഴിയെടുത്ത നടപടിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. വീണയുടേത് ഒരു കറക്ക് കമ്പനിയാണ്. മുഖ്യമന്ത്രിയുടെ മകൾ റിയാസിന്റെ ഭാര്യ എന്ന നിലയിൽ ആണ് പണമിടപാട്. വീണാ വിജയനിൽ മാത്രം ഒതുങ്ങുന്നതല്ല കേസ്. മുഖ്യമന്ത്രിയിലേക്ക് തന്നെ അന്വേഷണം വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
SFIO അന്വേഷണം ആവശ്യപ്പെടുമ്പോൾ തന്നെ ശുഭ പ്രതീക്ഷ ആരുന്നു. നന്നായി ഹോം വർക്ക് ചെയതിട്ടാണ് കേസുമായി മുന്നോട്ട് പോകുന്നത്. കേസുമായി മുന്നോട്ട് പോയത് കെ. സുരേന്ദ്രന്റെ പിന്തുണയോടെയാണ്. സിപിഎം - ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടിയുള്ള മറുപടി ആണിത്. ബന്ധമില്ല എന്ന് ഇപ്പോൾ മനസിലായില്ലേ എന്നും ഷോൺ ജോർജ് ചോദിച്ചു.
എന്ത് സേവനമാണ് വീണാ വിജയൻ്റെ കമ്പനി CMRLന് നൽകിയത്? പണം നൽകിയത് ഒരു സേവനവും നൽകിയതിനല്ല. വീണയ്ക്ക് അബുദാബിയിൽ അക്കൗണ്ട് ഉണ്ട് എന്ന് വീണ്ടും ആവർത്തിക്കുന്നുവെന്നും ഷോൺ പറഞ്ഞു. ഇത് പറഞ്ഞിട്ടും ഇതുവരെ നടപടിയൊന്നും തനിക്കെതിരെ എടുത്തിട്ടില്ല. തെറ്റാണെങ്കിൽ തനിക്കെതിരെ അവർക്ക് കേസ് കൊടുക്കാമല്ലോ എന്നും ഷോൺ ചോദിച്ചു.
ഇപ്പോഴും തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടക്കുന്നുണ്ട്. അതിലേക്കും അന്വേഷണം എത്തണമെന്നും ഷോൺ ആവശ്യപ്പെട്ടു. എക്സാലോജിക് മാസപ്പടി കേസിൽ അടുത്ത മാസം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് വീണ വിജയനിൽ നിന്നും SFIO കഴിഞ്ഞ ബുധനാഴ്ച മൊഴിയെടുത്തത്. സിഎംആർഎൽ ഉദ്യോഗസ്ഥരിൽ നിന്നും നേരത്തെ മൊഴിയെടുത്തിരുന്നുവെങ്കിലും വീണ വിജയൻ്റെ മൊഴിയെടുത്തിരുന്നില്ല.