ചേളന്നൂരിൽ നിന്ന് ദേശീയപാത വികസനത്തിനായി മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു; നടപടി പ്രതിഷേധം ശക്തമായതോടെ

സമരസമിതിയും ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
ചേളന്നൂരിൽ നിന്ന് ദേശീയപാത വികസനത്തിനായി മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു; നടപടി പ്രതിഷേധം ശക്തമായതോടെ
Published on

ദേശീയപാത നിർമ്മാണത്തിനായി കോഴിക്കോട് ചേളന്നൂർ പോഴികാവിൽ നിന്നും കുന്നിടിച്ചു മണ്ണെടുക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. സമരസമിതിയും ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജിയോളജി വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുമെന്നു ജില്ലാ കളക്ടർ അറിയിച്ചു.

പോഴിക്കാവ് കുന്നിലെ മണ്ണ് ഖനനത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. ഒരു നാടിനെ തന്നെ ഇല്ലാതാക്കും വിധം കഴിഞ്ഞ ആറ് മാസക്കാലമായി രാവും പകലും അശാസ്ത്രീയമായി മണ്ണെടുക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങൾക്ക് മുൻപ് ഗതാഗത യോഗ്യമാക്കിയ പുതിയേടത്ത് താഴം ചിറക്കുഴി റോഡിലൂടെ ടൺകണക്കിനു ഭാരമുള്ള ലോറികൾ മണ്ണു കൊണ്ടുപോകുന്നതിനാൽ റോഡിന്റെ പല ഭാഗങ്ങളും തകർന്ന് തുടങ്ങിയിരുന്നു. പൊടിശല്യം രൂക്ഷമായതിനാൽ ഗുരുതര ആരോഗ്യ പ്രശ്ന‌ങ്ങളാണ് പ്രദേശവാസികൾ നേരിടുന്നത്.

നിരവധി പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രദേശവാസികൾ കഴിഞ്ഞ ദിവസം രാത്രി ലോറികൾ തടഞ്ഞിരുന്നു. പൊലീസിൻ്റെ സഹായത്തോടെ ദേശീയപാത നിർമ്മാണ കമ്പനിയായ വാഗാട് മണ്ണുനീക്കാൻ ഇന്നലെ രാവിലെ തന്നെ വാഹനങ്ങൾ എത്തിച്ചെങ്കിലും പ്രദേശവാസികൾ വീണ്ടും തടയുകയായിരുന്നു. മണ്ണ് നീക്കാനുള്ള ശ്രമം തടഞ്ഞതോടെ ജില്ലാ കളക്ടർ ജനകീയ സമിതിയുമായി ചർച്ച നടത്തിയിരുന്നു. ജിയോളജിക്കൽ സർവേ നടത്തുമെന്ന് ജില്ലാ കളക്ടർ സമരസമിതി നേതാക്കൾക്ക് ഉറപ്പു നൽകി. അതുവരെ മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

സംഘർഷ സാധ്യത നിലനിന്നിരുന്നതിനാൽ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നൂറിലേറെ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. തഹസിൽദാർ അടക്കമുള്ളവരും എത്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീടാണ് ജില്ലാ കളക്ടറുമായുള്ള ചർച്ച നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com